
ആലപ്പുഴ: കൊവിഡ് സ്ഥിരീകരിച്ച് വീടുകളിൽ കഴിയുന്നവരെ ആരോഗ്യപ്രവർത്തകർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. രോഗികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുകയും, ഭക്ഷണമടക്കമുള്ള ആവശ്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം പ്രാദേശിക തലത്തിലെ ആരോഗ്യ പ്രവർത്തകർക്കാണ്. എന്നാൽ ജില്ലയിൽ പലേടത്തും ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരും, ആശാ വർക്കർമാരും പുറത്തിറങ്ങാതെ പ്രതിവാര റിപ്പോർട്ട് തയാറാക്കി റിസ്ക് അലവൻസ് കൈപ്പറ്റുകയാണെന്നാണ് ആക്ഷേപം.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ച മദ്ധ്യവയസ്ക്കൻ വീട്ടിൽ നിരീക്ഷണത്തിലായി ഏഴ് ദിവസം പിന്നിട്ടിട്ടും പ്രാദേശിക ഭരണകൂടമോ വാർഡുസമിതിയോ ആശ വർക്കറോ അന്വേഷിച്ചിട്ടില്ലെന്ന് കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ ഫോൺ സന്ദേശത്തിലൂടെ പരാതിപ്പെട്ടു. വിവരങ്ങൾ അന്വേഷിക്കാൻ ആളില്ലാതായതോടെ പല രോഗികളും വീടിന് പുറത്തിറങ്ങുന്നവ് രോഗവ്യാപനത്തിന് വഴിയൊരുക്കുന്നുണ്ട്.
അനങ്ങാപ്പാറകളായി
വാർഡ് സമിതികൾ
ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ആശാവർക്കർ, അങ്കണവാടി ജീവനക്കാർ, വോളണ്ടിയർമാർ എന്നിവർ അംഗങ്ങളായ വാർഡുതല സമിതികൾ നിർജ്ജീവമാണ്. ജില്ലാതല ഏകോപനവും നടക്കുന്നില്ല. കൊവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ കളക്ടറേറ്റിലെയും ആരോഗ്യ വകുപ്പിലെയും കൺട്രോൾ റൂമിൽ നിന്നും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുമുൾപ്പടെ രോഗികളെ വിളിച്ചിരുന്നു. മൂന്നാം തരംഗത്തിൽ ഡി.എം.ഒ ഓഫീസിന്റെ കീഴിലുള്ള കൺട്രോൾ റൂമിൽ നിന്ന് മാത്രമായി ഫോൺവിളി ചുരുങ്ങി. പ്രതിദിന രോഗികൾ രണ്ടായിരം കടന്നതോടെ റിസ്ക്ക് കൂടുതലുള്ളവർക്ക് മാത്രമാണ് പരിഗണന. രോഗികൾ പാലിക്കേണ്ട നിർദേശങ്ങളടങ്ങിയ ആരോഗ്യവകുപ്പിന്റെ ലഘു ലേഖ വിതരണം ചെയ്യുന്നതിലും ഫീൽഡ് തല പ്രവർത്തകർ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്.
തുടർച്ചയായ അഞ്ചാംദിനവും
രോഗികൾ 2000ന് മുകളിൽ
 ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിച്ചവർ......... 2291
 സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ............. 2229
 രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകർ..............9
 ഇന്നലെ രോഗമുക്തരായവരുടെ എണ്ണം............... 1264
 ജില്ലയിൽ ചികിത്സയിലുള്ള ആകെ രോഗികൾ........11237
വാർഡുതല ആർ.ആർ.സികളോട് വീടുകളിൽ കഴിയുന്ന രോഗികളുടെ വിവരം അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ട്. കൺട്രോൾ റൂമിൽ നിന്ന് രോഗികളെ വിളിച്ച്, ആവശ്യമായവർക്ക് ഇ സഞ്ജീവനിയിലെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുമ്പോൾ എല്ലാവരെയും വിളിക്കാൻ സാധിക്കാത്തതിനാൽ ഇവർ പാലിക്കേണ്ട നിർദേശങ്ങളടങ്ങിയ നോട്ടീസ് വീടുകളിലെത്തിക്കാൻ സമിതികൾക്ക് നൽകി
-ജില്ലാ മെഡിക്കൽ ഓഫീസ്, ആലപ്പുഴ
രോഗികളുടെ വിവരശേഖരണം നടത്തുന്നതിൽ ഫീൽഡ് സ്റ്റാഫും ആശാവർക്കർമാരും ഗുരുതരമായ വീഴ്ച വരുത്തുന്നുണ്ട്. വ്യാജറിപ്പോർട്ട് തയ്യാറാക്കി റിസ്ക്ക് അലവൻസ് കൈപ്പറ്റുന്നവർക്കെതിരെ ദുരന്തനിവരാണ നിയമമനുസരിച്ച് നടപടിയെടുക്കണം
- അഡ്വ.എസ്.ജ്യോതികുമാർ, സാമൂഹ്യപ്രവർത്തകൻ