 
കായംകുളം: കണ്ടല്ലൂർ - ദേവികുളങ്ങര ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കായംകുളം കായലിന് കുറുകെ നിർമ്മിക്കുന്ന കൂട്ടുംവാതുക്കൽ കടവ് പാലം നിർമ്മാണം പൂർത്തിയായി. പാലത്തിന്റെയും ഇരുകരകളിലുമുള്ള അഞ്ഞൂറ് മീറ്റർ അപ്രോച്ച് റോഡും പൂർത്തിയായതോടെ ഫെബ്രുവരി ആദ്യം തന്നെ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും.
45 കോടി രൂപയാണ് നിർമ്മാണച്ചെലവ്. പെയിന്റിംഗ് ജോലികളും ഭാരപരിശോധനകളും പൂർത്തിയായി.
കുട്ടംവാതുക്കൽ കടവ് പാലം യാഥാർഥ്യമാക്കണമെന്ന ആവശ്യത്തിന് നാലര പതിറ്റാണ്ടു കാലത്തെ പഴക്കമുണ്ട്. സി.കെ സദാശിവൻ എം.എൽ.എ ആയിരിക്കുമ്പോൾ സംസ്ഥാന ബഡ്ജറ്റിൽ പണം നീക്കിവച്ചുവെങ്കിലും യാത്രക്കാർ കുറവായതിനാൽ പാലം ലാഭകരമല്ലെന്ന ചീഫ് എൻജിനീയറുടെ റിപ്പോർട്ടിനെ തുടർന്ന് നടപടികൾ മരവിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ജനകീയ പ്രക്ഷോഭം ആരംഭിക്കുകയും മന്ത്രിയായിരുന്ന ജി. സുധാകരൻ പാലം നിർമ്മാണവുമായി മുന്നോട്ട് പോകുകയുമായിരുന്നു.
ജില്ലയുടെ തെക്കേ അതിർത്തിയിലുള്ള കടത്തുകടവായ കൂട്ടും വാതുക്കൽക്കടവിൽ പാലം യാഥാർത്ഥ്യമായതോടെ ദേവികുളങ്ങര, കണ്ടല്ലൂർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമാകും.
പാലം വന്നാൽ ലാഭിക്കാം 10 കിലോമീറ്റർ
ദേവികുളങ്ങര പഞ്ചായത്തിലെ കുമ്പിളിശേരി വാർഡിൽ ആയിരത്തിലേറെ ആളുകളാണ് താമസിക്കുന്നത്. കായലിന് അപ്പുറമുള്ള കേവലം ഒരു കിലോമീറ്റർ അകലെയുള്ള പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ഹോമിയോ ആയുർവേദ ആശുപത്രികൾ, കൃഷിഭവൻ തുടങ്ങി ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്താൻ 3 ബസുകൾ കയറി 10 കിലോമീറ്ററോളം താണ്ടി പോകേണ്ട അവസ്ഥയിലായിരുന്നു നാട്ടുകാർ. പാലം യാഥാർഥ്യമാകുമ്പോൾ കണ്ടല്ലൂർ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ ഉള്ളവർക്ക് ദേശീയപാതയിൽ പ്രവേശിക്കാതെ ഓച്ചിറ, ആയിരംതെങ്ങ് ഭാഗങ്ങളിൽ എത്തിച്ചേരാനാകും. കൂടാതെ കണ്ടല്ലൂർ നിവാസികൾക്ക് ദേവികുളങ്ങര വടക്കേആഞ്ഞിലിമൂട് വഴി ദേശീയപാതയിൽ എത്താനും കഴിയും.
ടൂറിസം വളരും
പാലം വരുന്നതോടെ ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളും വികസിക്കും. കായലിന്റെ സൗന്ദര്യം ആസ്വദിക്കത്തക്ക രീതിയിലാണ് നിർമ്മാണം. മനോഹരമായ ആർച്ചുകളും കെൽട്രോണിന്റെ ആഭിമുഖ്യത്തിലുള്ള സോളാർ ലൈറ്റുകളും പാലത്തിന് മനോഹാരിതയേകും. കായംകുളം പൊഴിക്ക് കുറുകെ ആലപ്പുഴ - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലവും ലൈറ്റ് ഹൗസും യാഥാർത്ഥ്യമായതോടെ വലിയ പ്രാധ്യാന്യമാണ് ഈ പാലത്തിനുള്ളത്.
...............................................
ജനങ്ങളുടെ ചിരകാ സ്വപ്നമായ കൂട്ടുംവാതുക്കൽ കടവ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ഉദ്ഘാടനത്തിന് പൊതുമരാമാത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ തിയതിക്കായി കാത്തിരിയ്ക്കുകയാണ്.
എസ്. പവനനാഥൻ, പ്രസിഡന്റ്
ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത്
....................................................
കണ്ടല്ലൂരിന്റെ സമഗ്ര വികസനത്തിന് പാലം നിർമ്മാണം ഉണർവേകും. ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതിനൊപ്പം ടൂറിസം സാധ്യതകളും യാഥാർത്ഥ്യമാകും.
തയ്യിൽ പ്രസന്നകുമാരി, പ്രസിഡന്റ്
കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത്
....................................................