
ആലപ്പുഴ: കൊവിഡ് മൂന്നാം തരംഗത്തിൽ സമുദ്രോത്പന്ന കയറ്റുമതി ആടിയുലയുന്നു. അമേരിക്ക, ചൈന, ബ്രിട്ടൻ ഉൾപ്പടെ ഇന്ത്യൻ സമുദ്രോത്പന്നങ്ങൾക്ക് ഡിമാൻഡുള്ള പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായതോടെ കയറ്റുമതിയിൽ മുൻ മാസങ്ങളെ അപേക്ഷിച്ച് 20 ശതമാനം വരെയാണ് ഇടിവുണ്ടായത്. കടൽ മത്സ്യങ്ങളായ കൂന്തൽ, ഞണ്ട്, വനാമി ചെമ്മീൻ തുടങ്ങിയവയുടെ ലഭ്യത കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണെന്ന് വ്യാപാരികൾ പറയുന്നു. പല ഫാക്ടറികളിലും ഉത്പന്നങ്ങൾ ഗോഡൗണിൽ കെട്ടികിടക്കുന്ന നിലയിലാണ്.തൊഴിലാളികൾക്ക് കൂലിയിനത്തിൽ കൊടുക്കാനുള്ള തുക പോലും കണ്ടെത്താൻ വിഷമിക്കുകയാണ് മേഖലയിലെ വ്യാപാരികൾ. ജില്ലയിൽ അരൂർ നിയോജക മണ്ഡലത്തിലെ അരൂർ, കുത്തിയതോട്, എഴുപുന്ന, പട്ടണക്കാട് തുടങ്ങിയ പഞ്ചായത്തുകളിലാണ് സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങൾ കൂടുതലായുള്ളത്. കൂടാതെ അമ്പലപ്പുഴ,വളഞ്ഞവഴി എന്നിവിടങ്ങളിൽ നിന്നും കയറ്റുമതിയുണ്ട്. സീസൺ സമയമായ ക്രിസ്മസ് പുതുവത്സര കയറ്റുമതിയിലും നിരവധി ഓർഡറുകളാണ് നഷടമായത്. കയറ്റുമതിക്ക് മുമ്പുള്ള ഹെൽത്ത് സർട്ടിഫിക്കറ്റിന് കാലതാമസം നേരിടുന്നതായും വ്യാപക പരാതിയുണ്ട്.
സമുദ്രോത്പന്ന കയറ്റുമതിയിൽ 20 ശതമാനം ഇടിവ്
ഇന്ത്യക്ക് വിലക്ക്
ചൈനീസ് വിപണിയിൽ കഴിഞ്ഞ നാലഞ്ച് മാസങ്ങളായി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വിലക്കാണ്. കയറ്റി അയക്കുന്ന ഉത്പന്നങ്ങളുടെ പാക്കേജിംഗ് സാമഗ്രികളിൽ വൈറസ് സാന്നിദ്ധ്യം ആരോപിച്ചാണ് ഉത്പന്നങ്ങൾ തിരിച്ചയക്കുന്നത്. ഇത് വിപണിയെ സാരമായി ബാധിക്കുകയാണ്. യു.കെ, യൂറോപ്യൻ രാജ്യങ്ങളിലെ വിപണികളിലും ഇടിവ് പ്രകടമാണ്.
കൊവിഡ് വ്യാപനം സമുദ്രോത്പന്ന മേഖലയെ ബാധിച്ചു. എല്ലാ പഞ്ചായത്തുകളിലും ഫുഡ് പ്രോസസിംഗ് സെന്ററുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. എഴുപുന്ന പഞ്ചായത്തിൽ ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സമുദ്രോത്പന്ന മേഖലയുൾപ്പടെ മണ്ഡല വികസനത്തിന് 20 പ്രോജക്ടുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള 200 കോടിയുടെ പ്രോജക്ട് മത്സ്യകർഷകർക്ക് ഗുണകരമാകും
ദലീമ ജോജോ, അരൂർ എം.എൽ.എ
കൊവിഡ് പ്രതിസന്ധിയിൽ നഷ്ടക്കണക്ക് മാത്രമേ സമുദ്രോത്പന്ന മേഖലയിൽ ഉണ്ടായിട്ടുള്ളൂ. പല വ്യാപാരികളും സ്ഥാപനങ്ങൾ അടച്ച് പൂട്ടി. പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സാമ്പത്തിക ബാദ്ധ്യത കാരണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത നിലയിലാണ്. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെട്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കണം
വ്യവസായികൾ