
ആലപ്പുഴ: ബൈപ്പാസിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ട് , കഴിഞ്ഞ ദിവസം മരണമടഞ്ഞ 11കാരിയുടെ പിതാവിന്റെ കത്തുമായി മുൻ മന്ത്രി ജി.സുധാകരൻ കളക്‌ടർ എ. അലക്‌സാണ്ടറുടെ മുന്നിലെത്തി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായ തന്റെ നേതൃത്വത്തിൽ കഠിനപ്രയത്നം ചെയ്‌താണ് സ്വപ്‌ന പദ്ധതി പൂർത്തിയാക്കിയതെന്ന് ജി. സുധാകരൻ കളക്‌ടറെ ഓർമ്മിപ്പിച്ചു. എന്നാൽ, അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ തുടർനടപടികൾ ഗതാഗതവകുപ്പ് സ്വീകരിച്ചില്ല. റോഡ് സേഫ്‌ടി അതോറിട്ടിയും വേണ്ടത്ര പരിരക്ഷ ഉറപ്പാക്കിയില്ല. നാഷണൽ ഹൈവേ അതോറിട്ടി ഒട്ടും ശ്രദ്ധിക്കുന്നില്ല. അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സുധാകരൻ കളക്‌ടർക്ക് നൽകിയ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ 22 ന് വൈകിട്ട് ആറു മണിക്കാണ് ദേശീയപാതയിൽ ചങ്ങനാശേരി ജംഗ്‌ഷനിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് ബൈപ്പാസ് മുറിച്ചു കടക്കവേയാണ് ബന്ധുവിനൊപ്പം ദയ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്. ദയയുടെ വീട്ടിലെൽ കഴിഞ്ഞ ദിവസം ജി.സുധാകരനെത്തിയപ്പോഴാണ് പിതാവ് ജയ്മോൻ, മാതാവ് ഷീബ, ബന്ധുക്കൾ എന്നിവർ നിവേദനം കൈമാറിയത്. ജില്ലാ പൊലീസ് മേധാവി, ആർ.ടി.ഒ എന്നിവരുമായി സ്ഥലം സന്ദർശിക്കുകയും ജനപ്രതിനിധികളുമായി ആശയം വിനിമയം നടത്തി പരിഹാരമാർഗമുണ്ടാക്കുകയും ചെയ്യുമെന്ന് കളക്‌ടർ ഉറപ്പു നൽകിയതായി ജി. സുധാകരൻ അറിയിച്ചു. കളക്‌ടറുമായുള്ള കൂടിക്കാഴ്ചയിൽ സുധാകരനൊപ്പം ദയയുടെ പിതാവും സുഹൃത്തുക്കളുമുണ്ടായിരുന്നു.
നിവേദനത്തിലെ ആവശ്യങ്ങൾ
 ചങ്ങനാശേരിയിൽ നിന്ന് വരുന്ന വാഹനങ്ങൾ ജംഗ്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് എസ്.ഡി. കോളേജിന് മുന്നിലൂടെ ബൈപ്പാസിൽ പ്രവേശിക്കണം. തിരികെയുള്ള യാത്രയും ഈ വിധത്തിലാക്കണം.
 ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് ഇരവുകാട് ഭാഗത്തും എസ്.ഡി കാേളേജിന് പടിഞ്ഞാറ് ലാഭം സൂപ്പർമാർക്കറ്റിന് മുന്നിലും കാമറകൾ സ്ഥാപിക്കണം
 ചങ്ങനാശേരി ജംഗ്‌ഷന് പടിഞ്ഞാറ് ബൈപ്പാസ് ക്രോസ് ചെയ്യുന്ന ഭാഗത്ത് സ്ഥിരമായി പൊലീസിനെ നിയോഗിക്കുകയും സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കുകയും ചെയ്യണം
 ബൈപ്പാസ് ബീക്കൺ പട്രോളിംഗ് സംഘത്തിന്റെ സേവനം എല്ലാസമയത്തും ഉറപ്പാക്കണം