
മാന്നാർ: പ്രൈമറി സ്കൂൾ അദ്ധ്യാപകരാകാനുള്ള യോഗ്യതാ കോഴ്സായ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ (ഡി.എൽ.എഡ്) കോഴ്സിലേക്കുള്ള പ്രവേശനം ആലപ്പുഴ ജില്ലയിൽ മാത്രം പൂർത്തിയാകാത്തതിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ആശങ്കയിൽ. ജില്ലയിൽ എയ്ഡഡ് മേഖലയിലെ നാല് അദ്ധ്യാപക പരിശീലന സ്ഥാപനങ്ങളിലായി 73 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്ന വിദ്യാഭ്യാസ ഉപഡയറക്ടർ, അപേക്ഷകളുടെ ലിസ്റ്റ് പി.എസ്.സിക്ക് കൈമാറും. സംവരണാടിസ്ഥാനത്തിൽ പി.എസ്.സി തയാറാക്കുന്ന റാങ്ക് പട്ടിക അനുസരിച്ചാണ് വിദ്യാർത്ഥികൾക്ക് ഓരോ സ്ഥാപനങ്ങളിലും പ്രവേശനം അനുവദിക്കുന്നത്. സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും പ്രവേശനം വൈകുന്നതിന് കാരണം ഡി.ഡി.ഇ ഓഫീസിൽ നിന്ന് ലിസ്റ്റ് വരാത്തതാണെന്ന് പി.എസ്.സിയും, പി.എസ്.സി ലിസ്റ്റ് പ്രസിദ്ധപ്പെടുത്താത്തതാണെന്ന് ഡി.ഡി.ഇ ഓഫീസും പരസ്പരം പഴിചാരുന്നു.
തിരുകി കയറ്റാൻ നീക്കം
സീറ്റുകൾ പ്രവേശനം നൽകാതെ ഒഴിച്ചിട്ട്, ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. 2021 നവംബർ എട്ടിന് പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ പ്രകാരം ഡിസംബർ 23ന് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി ജനുവരി 3ന് ക്ലാസ് തുടങ്ങേണ്ടതാണ്. മറ്റെല്ലാ ജില്ലകളിലും നടപടികൾ സുഗമമായി നടന്നു. മേയിൽ ആദ്യ സെമസ്റ്റർ പൂർത്തീകരിക്കണമെന്നാണ് പ്രവർത്തന കലണ്ടറിലുള്ളത്. വൈകി വരുന്ന കുട്ടികൾക്ക് പാഠഭാഗങ്ങൾ പൂർണമായി മനസിലാക്കിയെടുക്കാൻ സമയം തികയില്ലെന്ന് അദ്ധ്യാപകർ പറയുന്നു. ഒരു കുട്ടിക്ക് മാത്രം പ്രവേശനം ലഭിച്ചതും, പത്തും, ഇരുപതും പേർക്ക് വീതം പ്രവേശനം ലഭിച്ചതുമായ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്.
നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും മുമ്പ് അഡ്മിഷൻ
ജില്ലയിൽ ന്യൂനപക്ഷ മാനേജ്മെന്റുകളുടെ രണ്ട് അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളാണുള്ളത്. ഇവിടെ അമ്പത് ശതമാനം സീറ്റ് ജനറൽ മെരിറ്റിന് നൽകണമെന്നാണ് നിയമം. ഇത്തരത്തിൽ സീറ്റുകൾ അനുവദിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് വിദ്യാഭ്യാസ ഉപഡയറക്ടറാണ്. സർക്കാർ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും മുമ്പ് തന്നെ ചില സ്ഥാപനങ്ങളിൽ അഡ്മിഷൻ പൂർത്തിയാക്കി കോഴ്സ് ആരംഭിച്ചതായി ആക്ഷേപമുണ്ട്.
ജില്ലയിൽ ആകെ ഡി.എൽ.എഡ് പരിശീലന സ്ഥാപനങ്ങൾ
എയ്ഡഡ് : 9
അൺ എയ്ഡഡ് : 1
ആകെ സീറ്റുകൾ : 410
ഒഴിഞ്ഞുകിടക്കുന്നത് : 73
ഡി.എൽ.എഡ് കോഴ്സിലേക്ക് മറ്റെല്ലാ ജില്ലകളിലും പ്രവേശനം പൂർത്തിയാക്കി ക്ലാസ്സുകൾ ആരംഭിച്ചു. ജില്ലയിൽ പ്രവേശനം പൂർത്തിയാകാത്തത് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയാണ്. പ്രവേശനപ്രക്രിയക്ക് യുക്തിരഹിത സമ്പ്രദായമാണ് കീഴ്‌വഴക്കം പോലെ പിന്തുടരുന്നത്
- എസ്.സിന്ധു, സെക്രട്ടറി, ടീച്ചർ എഡ്യൂക്കേഷൻ അക്കാദമിക് ഫോറം