മാന്നാർ: തട്ടാരമ്പലം-ഇരമത്തൂർ-മാന്നാർ സംസ്ഥാന പാതയിൽ പൊതുമരാമത്ത് വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചു. ട്രാഫിക് സേഫ്റ്റി ജോലിയിൽപെടുത്തി ദിശാസൂചക ബോർഡുകൾ, മുന്നറിയിപ്പ് വരകൾ, പാടങ്ങളും കലുങ്കുകളും ഉള്ള റോഡിന്റെ വശങ്ങളിൽ സുരക്ഷാ വേലികൾ തുടങ്ങിയവയാണ് സ്ഥാപിച്ചത്.
നിരന്തരം അപകടം നടക്കുന്ന തട്ടാരമ്പലം-ഇരമത്തൂർ-മാന്നാർ റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ, റിഫ്‌ളക്ടറുകൾ, ദിശാസൂചക ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ളിയു.ഡി മാന്നാർ ഡിവിഷൻ ഓഫീസർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചതെന്ന് യൂത്ത്കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം ജനറൽസെക്രട്ടറി ഷംഷാദ് പറഞ്ഞു. വളരെവേഗം നടപടി സ്വീകരിച്ച പൊതുമരാമത്ത് വകുപ്പ് മാന്നാർ ഡിവിഷന് ഷംഷാദ് അഭിനന്ദനങ്ങൾ അറിയിച്ചു. റോഡിന്റെ റീടാറിംഗ്പ്രവൃത്തികളും കാലതാമസമില്ലാതെ നടത്തുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായും ഷംഷാദ് പറഞ്ഞു.