ambala

അമ്പലപ്പുഴ : അമ്പലപ്പുഴ കുടുംബവേദി പുന്നപ്ര സഹകരണ ആശുപത്രിക്ക് ഡയാലിസിസ് മെഷീൻ നൽകുന്ന കരാർ ആശുപത്രി സൂപ്രണ്ട് ഡോ.അരുൺ കുമാർ കുടുംബവേദി ജനറൽ കൺവീനർ സി.രാധാകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങി. കുടുംബ വേദി നിർദ്ദേശിക്കുന്ന നിർദ്ധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തുകൊടുക്കുന്നതാണ് കരാർ. അഞ്ച് വർഷംകൊണ്ട് 2500 പേർക്ക് ഗുണഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങിൽ ആശുപത്രി സെക്രട്ടറി പി.കെ.ഗോപാലകൃഷ്ണൻനായർ, വർക്കിങ്ങ് ചെയർമാൻ ആർ.ദിനേശൻ, രാജഗോപാലൻ ഉണ്ണിത്താൻ, കൊട്ടാരം ഉണ്ണികൃഷ്ണൻ, അനി വിജയൻ, മധു ദേവസ്വoപറമ്പ്, സി.കെ.ചന്ദ്രൻ, സോമൻ, പി.രാമചന്ദ്രപണിക്കർ, എസ്.രാജൻ എന്നിവർ പങ്കെടുത്തു. അമ്പലപ്പുഴ സൗത്ത്, നോർത്ത്, പുറക്കാട് പഞ്ചായത്തുകളിലെ നിർദ്ധനരായ രോഗികൾ ആർ.ഹരികുമാർ, ചെയർമാൻ, അമ്പലപ്പുഴ കുടുംബ വേദി എന്ന വിലാസത്തിൽ പടിഞ്ഞാറെനടയിൽ രാമനിലയത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ ഫെബ്രുവരി 15ന് മുമ്പ് അപേക്ഷ നൽകണം.