
ആലപ്പുഴ : ജില്ലാ ഒളിമ്പിക്സിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ സമാപിച്ചു.
രാജ്യത്തിന്റെ അഭിമാന താരങ്ങളായ സനാവി തോമസും കെ.എ അനീഷും മത്സരാർത്ഥികളായി യി എത്തിയത് കാണികളിൽ ആവേശമുയർത്തി.
ഇന്നലെ നടന്ന വാശിയേറിയ പുരുഷ സിംഗിൾസ് ഫൈനൽ ത്സരത്തിൽ അക്ഷിത് എസ് ( അണ്ടർ 17 സംസ്ഥാന ചാമ്പ്യൻ ) അർജ്ജുൻ ബിജുവിനെ (ഇന്റർ യൂണിവേഴ്സിറ്റി താരം ) പരാജയപ്പെടുത്തി സ്വർണം സ്വന്തമാക്കി.
വനിതാ സിംഗിൾസിൽ ഗൗരി ആനന്ദ് സ്വാതി കൃഷ്ണയെ തോൽപ്പിച്ചു.
പുരുഷവിഭാഗം ഡബിൾസ് മത്സരത്തിൽ കോമൺവെൽത്ത് വെള്ളി മെഡൽ ജേതാവും സാഫ് ഗെയിംസ് സ്വർണ മെഡൽ ജേതാവുമായ സനാവി തോമസ്, ലോക മാസ്റ്റേഴ്സ് ഡബിൾസ് ചാമ്പ്യനായ കെ.എ. അനീഷ് എന്നിവരടങ്ങിയ സഖ്യം സംസ്ഥാന താരങ്ങളായ അക്ഷിത് എസ് - റോബിൻ റോണി സഖ്യത്തെ തോൽപിച്ചു. അതി വാശിയേറിയ മത്സരം മൂന്ന് സെറ്റ് നീണ്ടുനിന്നു.
വനിതാ വിഭാഗം ഡബിൾസിൽ ഗൗരി ആനന്ദ് -നക്ഷത്ര സർജു സഖ്യം ആൻസി പി ജെ - ഹൃദ്യ ജോസഫ് സഖ്യത്തെ തോൽപ്പിച്ചു. സമാപനസമ്മേളനത്തിൽ വിജയികൾക്ക് എ.എം.ആരിഫ് എം.പി സമ്മാനദാനം നിർവഹിച്ചു. ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനോദ് കുമാർ എസ് സ്വാഗതം പറഞ്ഞു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷനായി. ഒളിമ്പ്യൻ മനോജ് ലാൽ പങ്കെടുത്തു.
ജില്ലാ ഒളിമ്പിക്സിനെ തുടർന്ന് ഉണ്ടായിട്ടുള്ള കായിക രംഗത്തെ ഉണർവ്വ് ഓരോ താരവും പ്രയോജനകരമായ രീതിയിൽ വിനിയോഗിക്കണമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു അഭിപ്പായപ്പെട്ടു. ഒരു നല്ല ഗ്രൗണ്ട് എന്ന ജില്ലയിലെ കായിക താരങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് എ എം ആരിഫ് എം പി അറിയിച്ചു.