 
മാന്നാർ: തൃക്കുരട്ടി ജംഗ്‌ഷൻ ടാക്സിസ്റ്റാൻഡിലെ മാലിന്യങ്ങൾ നീക്കംചെയ്യാത്തതിൽ പ്രതിഷേധിച്ച് ടാക്സിഡ്രൈവർമാരുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ മാലിന്യങ്ങൾ നീക്കംചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ചപ്പുചവറുകളും മദ്യക്കുപ്പികളും നിറഞ്ഞ മാലിന്യക്കൂമ്പാരങ്ങൾ കാരണം ടാക്‌സികൾക്ക് പാർക്ക്ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ടാക്സി ഡ്രൈവർമാരായ അനിൽകുമാർ, സുനിൽകുമാർ, രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. മാന്നാർ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ നിറഞ്ഞ് വഴിനടക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ഡ്രൈവർ അനിൽകുമാർ പറഞ്ഞു. ഉച്ച മുതൽ തുടങ്ങിയ ശുചീകരണം രാത്രിയോടെയാണ് പൂർത്തിയായത്.