photo
ശീതകാല പച്ചക്കറി കൃഷികളുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ നിർവഹിക്കുന്നു

ചേർത്തല: പൊതുമേഖലാ സ്ഥാപനമായ സിൽക്കിന്റെ പതിനഞ്ചേക്കറിൽ കെ.കെ. കുമാരൻ പാലിയേ​റ്റീവ് കെയർ സൊസൈ​റ്റിയുടെ സഹായത്തോടെ ഹരിതമിത്ര അവാർഡ് ജേതാവ് ശുഭകേശൻ നടത്തുന്ന ശീതകാല പച്ചക്കറി കൃഷികളുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ നിർവഹിച്ചു.
സൊസൈ​റ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ,ട്രഷറർ അഡ്വ.എം.സന്തോഷ് കുമാർ,ശുഭകേശൻ എന്നിവർ പങ്കെടുത്തു.
ചൊരിമണലിൽ നട്ടുവളർത്തിയ അഞ്ഞൂറു ചുവട് കാബേജ്, കോളിഫ്ളവർ എന്നിവയാണ് വിളവെടുത്തത്.
ട്രിപ്പ് ഇറിഗേഷൻ വഴി മൂന്നു നേരം ജലസേചനം നടത്തിയാണ് വിളവിന് പാകമാക്കിയത്. അടിവളമായി ചാണകവും കോഴിവളവും ഉപയാഗിച്ചു. ജലനഷ്ടം ഒഴിവാക്കാൻ മൾച്ചിംഗ് ഷീ​റ്റുകൾ വരമ്പുകളിൽ പുതച്ചിരുന്നു.
കനത്ത ചൂടിലും മികച്ച വിളവാണ് ശീതകാല പച്ചക്കറി ഇനങ്ങളിൽപ്പെട്ട കാബേജിനും കോളിഫ്ളവറിനും ലഭിച്ചത്. ഫാം ടൂറിസത്തിന്റെ ഭാഗമായി കൃഷി തോട്ടങ്ങൾ കാണുവാനെത്തി ചേരുന്നവരാണ് പച്ചക്കറികൾ വാങ്ങുന്നത്. ദേശീയ പാതയോരത്ത് സിൽക്കിന് മുൻവശം ആരംഭിക്കുന്ന പച്ചക്കറി വിപണന കേന്ദ്രം വെള്ളിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.