ഹരിപ്പാട് : ഓണാട്ടുകരയുടെ ഭാഷയെ വശ്യമായരീതിയിൽ സാഹിത്യത്തിലും ചലച്ചിത്രത്തിലും അവതരിപ്പിച്ച സർഗധനനായ എഴുത്തുകാരനാണ് പി. പത്മരാജനെന്ന് ഫോറം ഫോർ മലയാളം ലിറ്ററേച്ചർ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരിയുമായസുജാത സരോജം പറഞ്ഞു. എഴുത്തുകാരുടെയും പ്രാദേശികചരിത്രകാരന്മാരുടെയും കൂട്ടായ്മയായ നാട്ടെഴുത്തുകൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ പത്മരാജന്റെ ഞവരയ്ക്കൽ തറവാട്ടിൽ കൂടിയ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.പി. പി ഗോവിന്ദവാര്യർ ആദ്ധ്യക്ഷനായി. അൻപതുവർഷം പൂർത്തീകരിക്കുന്ന നക്ഷത്രങ്ങളെ കാവൽ എന്ന പത്മരാജന്റെ ആദ്യ നോവലിനെ ആസ്പദമാക്കി നീർക്കുന്നം ജനസേവിനി വായനശാല സെക്രട്ടറി എം. നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. എംആർ പ്രസാദ്, സുജാത സരോജം, മായാ വാസുദേവൻ, ശെൽവറാണി, ജി സുഗത, സന്ധ്യാ സന്നിധി, ആർട്ടിസ്റ്റ് സുരേഷ്, പ്രശാന്ത് കട്ടച്ചിറ, ദേവാനന്ദൻ, മഹി ഹരിപ്പാട്, ഹരികുമാർ ഇളയിടത്ത് എന്നിവർ സംസാരിച്ചു.