 
അർത്തുങ്കൽ: മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപുള്ള സ്കൂൾദിന ഓർമകളുമായി അവർ ഒത്തുകൂടി. അന്നത്തെ അദ്ധ്യാപകരുടെ മുന്നിൽ അതേ ക്ളാസ്മുറിയിലിരുന്നപ്പോൾ മുതിർന്നവരെങ്കിലും അവർ പഴയ കുട്ടികളായി മാറി. കുഞ്ഞുടുപ്പിട്ട് ഓടിക്കളിച്ച, ആദ്യക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ച കലാലയത്തിന്റെ മുറ്റത്തെ അവരുടെ സൗഹൃദക്കൂട്ടായ്മ ഏറെ ഗൃഹാതുരമായിരുന്നു.
അറവുകാട് ദേവസ്വം എൽ.പി സ്കൂളിലെ 1992-96 വർഷങ്ങളിൽ പഠിച്ചിറങ്ങിയവരുടെ സംഗമം കഴിഞ്ഞ ദിവസം സ്കൂളിൽ നടന്നു.
ഹെഡ് മിസ്ട്രസായിരുന്ന സതീമണി ടീച്ചർ, സുധാമണി ടീച്ചർ, കനകമ്മ ടീച്ചർ,ചന്ദ്രകല ടീച്ചർ,റീബ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകളും അനുഗ്രഹങ്ങളുമായെത്തി. ഗുരുക്കന്മാരെ വൃക്ഷത്തൈയും മെമെന്റോയും നൽകി പൊന്നാടയണിയിച്ച് ആദരിച്ചു.
ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയ ദിജ ടീച്ചറേയും ആദരിച്ചു. അന്ന് വിദ്യാർത്ഥികളായിരുന്ന 63 പേരാണ് സംബന്ധിച്ചത്. തങ്ങൾക്ക് ഭക്ഷണം ഒരുക്കി തന്നിരുന്ന ലതച്ചേച്ചിയെയും ചടങ്ങിൽ ആദരിക്കാൻ മറന്നില്ല. സ്കൂളിലെ ഗ്രന്ഥശാലയിലേയ്ക്ക് തങ്ങൾ ശേഖരിച്ച 75 പുസ്തകങ്ങൾ സ്കൂളിന് കൈമാറി. സ്കൂളിൽ നിന്ന് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിക്ക് കാഷ് അവാർഡും നൽകി.
ക്ഷേത്രം പ്രസിഡന്റും സ്കൂൾ മാനേജറുമായ പ്രസന്നൻ സംഗമം ഉദ്ഘാടനം ചെയ്തു. സാനു അദ്ധ്യക്ഷനായ യോഗത്തിൽ ശ്രീനീഷ് സ്വാഗതം പറഞ്ഞു. ഫാ.ജോയ്സ്, സുരേഷ്, എന്നിവർ സംസാരിച്ചു. വിനീഷ് നന്ദി പറഞ്ഞു.