
ആലപ്പുഴ: ബൈപാസിലെ അപകടമേഖലകളിൽ സുരക്ഷയ്ക്കും മുന്നറിയിപ്പിനും അടിയന്തര ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ എ.അലക്സാണ്ടർ നിർദേശിച്ചു. ഇരവുകാട്, കൊമ്മാടി, കളർകോട് ജംഗ്ഷനുകളിൽ സന്ദർശനം നടത്തിയ ശേഷമാണ് കളക്ടർ ദേശീയപാതാ വിഭാഗത്തിന് നിർദേശം നൽകിയത്. ബൈപാസിൽ അമിതവേഗത്തിലെത്തുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനായി കാമറകൾ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ട്. ഇതിനു മുമ്പുതന്നെ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
മാളികമുക്ക്, ഇരവുകാട് എന്നിവിടങ്ങളിലെ വളവുകളുടെ സമീപത്ത് സ്പീഡ് ബ്രേക്കറുകൾ സജ്ജീകരിക്കും. ജംഗ്ഷനുകളിൽ സുഗമമായ ഗതാഗതത്തിന് തടസമാകുന്ന ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കും.കൊമ്മാടിയിൽനിന്ന് ബൈപാസിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടതുഭാഗത്തുള്ള സർവീസ് റോഡ് ഉപയോഗക്ഷമമാക്കാനും കളക്ടർ നിർദേശിച്ചു. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ.സി ആന്റണി, പൊതുമരാമത്ത് റോഡ് വിഭാഗം, പൊലീസ്, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.