
ആലപ്പുഴ: ആവശ്യക്കാർ കൂടിതോടെ ജില്ലയിൽ മുദ്രപ്പത്രങ്ങൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായി പരാതി. അയൽ ജില്ലകളിലെ ക്ഷാമം മുതലെടുത്ത് ജില്ലയുടെ തെക്കൻ മേഖലയിലാണ് പ്രശ്നം നേരിടുന്നത്. എന്നാൽ ജില്ലാ ട്രഷറിയിൽ നിന്ന് പത്രം എടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളുവെന്ന് അധികൃതർ പറയുന്നു. നഗരത്തിൽ വെണ്ടർ ലൈസൻസുള്ളവരിൽ ചിലർക്ക് ആധാരം എഴുത്ത് ലൈസൻസുമുണ്ട്. ആധാരം രജിസ്ട്രേഷനുള്ള ദിവസങ്ങളിൽ ചെറിയ തുകയുടെ മുദ്രപത്രങ്ങൾ നൽകുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. വാടകച്ചീട്ട്, ജനന സർട്ടിഫിക്കറ്റ്, വിവിധ കരാറുകൾ തുടങ്ങിയ ഇടപാടുകൾക്കാണ് ചെറിയ തുകുയുടെ മുദ്രപ്പത്രങ്ങൾ ആവശ്യം. മൃഗാശുപത്രികൾ മുഖേന ആട് വളർത്തൽ പദ്ധതിക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിനും മുദ്രപത്രങ്ങളുടെ ആവശ്യകതയുണ്ട്.
പൂഴ്ത്തിവയ്ക്കുന്നു
50, 100 രൂപ വിലയുള്ള പത്രങ്ങൾക്കാണ് ക്ഷാമം സൃഷ്ടിക്കുന്നത്. ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ വിൽക്കുമ്പോൾ വെണ്ടർമാർക്ക് തുച്ഛമായ കമ്മിഷനാണ് ലഭിക്കുന്നത്. പത്രം വാങ്ങുന്നവരുടെ പേരും വിവരങ്ങളും ബുക്കിൽ എഴുതി ചേർക്കണമെന്നതും സമയമെടുക്കുന്ന കാര്യമായതിനാൽ മറ്റ് ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ മുദ്രപേപ്പറിന് ആവശ്യക്കാരെത്തിയാൽ ലഭ്യമല്ലെന്ന മറുപടിയാണ് മിക്കവരും നൽകുന്നത്.
ചെറിയ തുകയുടെ മുദ്രപത്രം ജില്ലാ ട്രഷറിയിൽ ആവശ്യത്തിനുണ്ട്. ക്ഷാമം നേരിടുന്ന സബ്ട്രഷറിയിലേക്ക് ഇവിടുന്ന് പത്രങ്ങൾ കൊണ്ടുപോകുന്നുണ്ട്
ട്രഷറി അധികൃതർ
ജില്ലയിൽ യഥേഷ്ടം മുദ്രപത്രങ്ങൾ ലഭ്യമാണ്. കൃത്രിമ ക്ഷാമം കാണിക്കേണ്ട ആവശ്യമില്ല. ജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ മുദ്ര ക്ഷാമം നേരിട്ടിരുന്നു. ഇവർ ജില്ലാ ട്രഷറിയിൽ നിന്ന് പത്രങ്ങൾ വാങ്ങിയാണ് പ്രശ്നം പരിഹരിച്ചത്
മുരളീധരൻ നായർ, ആധാരമെഴുത്ത്