ആലപ്പുഴ: നഗരത്തിന് പേരുദോഷമായ, പൊട്ടിപ്പൊളിഞ്ഞ കാനകൾ നവീകരിക്കാൻ വഴിതെളിയുന്നു. നഗരറോഡ് നവീകരണ പദ്ധതിയുടെ ഭാഗമായാണ് തകർന്ന മൂടികളുൾപ്പടെ നീക്കി കാനകളെ പുതുമോടിയിലാക്കുന്നത്. മുല്ലയ്ക്കൽ റോഡിലെ വൈറ്റ് ടോപ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി മൃഗാശുപത്രിക്ക് മുന്നിലെയും മഞ്ജുളാ ബേക്കറിയുടെ ഭാഗത്തെയും കാനകൾ നവീകരിക്കും.
നഗരമദ്ധ്യത്തിലെ കാനകളുടെയെങ്കിലും മുകളിലെ സ്ലാബ് കൃത്യമായും നിരപ്പായും സ്ഥാപിക്കണമെന്ന ആവശ്യത്തിന് രണ്ട് വർഷത്തെ പഴക്കമുണ്ട്. ചില ഭാഗങ്ങളിൽ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലുമാണ്. കാനകൾക്ക് മൂടിയില്ലാത്തതും മൂടിയുള്ളയിടങ്ങളിലെ വിടവും ദ്വാരവും അപകടക്കെണിയൊരുക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാനയ്ക്കിടയിൽ കുരുങ്ങി കാൽനട യാത്രക്കാരുടെ കാലുകൾക്ക് പരുക്കേൽക്കുന്നതും നിത്യസംഭവമാണ്.
വീതിയില്ലാത്ത റോഡുകളിൽ വശം ചേർന്നു സഞ്ചരിക്കുമ്പോൾ വാഹനങ്ങൾ കാനയിൽ പതിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. .എസ്.ഡി.വി സ്കൂളിന് എതിർവശത്തെ ഫുട്പാത്ത് വാഹനങ്ങളുടെ പാർക്കിംഗ് ഏരിയയായി മാറി. ഇതോടെ കാൽനടയാത്രക്കാർ വാഹനങ്ങൾക്കിടയിലൂടെ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. കാൽനട യാത്രക്കാർ സഞ്ചരിക്കുന്ന സ്ഥലത്തെ കുറ്റികൾ, തടി കഷണം, തൂണ്, കല്ല്, കേബിൾ, കുറ്റിച്ചെടി എന്നിവ നീക്കം ചെയ്യാൻ അധികൃതർ ഇടപെടുന്നില്ലെന്ന് ആക്ഷേപവുമുണ്ട്.
കാൽനടയാത്ര അപകടകരം
1.നഗരത്തിൽ പ്രധാന പാതകളിൽപ്പോലും ഫുട്പാത്തില്ല
2.ഫുട്പാത്തുള്ളയിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യും
3.കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത് വാഹനങ്ങൾക്കിടയിലൂടെ
4.കാനകൾക്ക് മുകളിലെ മൂടികൾ തകർന്ന നിലയിൽ
നഗരറോഡ് നവീകരണത്തതിന്റെ ഭാഗമായി കാനകളുടെ മുകളിൽ പുതിയ സ്ലാബുകൾ നിരത്തും. ഘട്ടം ഘട്ടമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും
- ഷാഹി, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ