 
കുട്ടനാട്: ഇടുപ്പെല്ലുകൾ പൊടിഞ്ഞ് ശരീരമാസകലം നീരുവന്ന് കിടപ്പിലായ യുവാവിന്റെ ജീവൻ രക്ഷിക്കാൻ നാട് നാളെ കൈകോർക്കും. രാമങ്കരി ഗവ എൽ.പി സ്ക്കൂളിന് സമീപം ഗോകുലം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എറണാകുളം സ്വദേശി സിബിന് (29) വേണ്ടിയാണ് നാളെ രാവിലെ 10 മുതൽ രാമങ്കരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒന്നിക്കുന്നത്. ജിപ്സം സീലിംഗ് തൊഴിലാളിയായ സിബിന് ഒരു വർഷം മുമ്പ് കാലിന് വേദനയോടെയാണ് രോഗത്തിന്റെ ആരംഭം. ന്യൂറോ സംബന്ധമായ പ്രശ്നമെന്ന് കരുതി ചികിത്സ തുടർന്നെങ്കിലും അടുത്തിടെയാണ് ഇടുപ്പെല്ല് പൊടിയുന്ന രോഗമാണെന്ന് തിരിച്ചറിഞ്ഞത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ മരിച്ച സിബിൻ അനാഥാലയത്തിൽ നിന്നുള്ള യുവതിയെയാണ് വിവാഹം കഴിച്ചത്. നാലും ഏഴും വയസ്സുള്ള രണ്ട് പെൺകുട്ടികളുണ്ട്. ഇതിനിടെ ഭാര്യയ്ക്ക് വൃക്കചുരുങ്ങുന്ന രോഗം കൂടി പിടിപെട്ടതോടെ കുടുംബത്തിന്റെ താളം തെറ്റി. ഭാര്യയുടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിനിടയിലാണ് സിബിൻ രോഗബാധിതനാകുന്നത്. എറണാകുളത്ത് താമസിച്ചിരുന്ന സിബിനും കുടുംബവും വാടക നൽകാൻ നിർവാഹമില്ലാതെ വന്നപ്പോഴാണ് സുഹൃത്തുക്കളുടെ സഹായത്തോടെ രാമങ്കരിയിലെത്തിയത്. നാട്ടുകാരുടെ കാരുണ്യത്തിലും, എണ്ണപ്പലഹാരങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തിയുമാണ് കുടുംബം മുന്നോട്ടുപോകുന്നത്. സിബിന്റെ ചികിത്സാസഹായത്തിനായി രാമങ്കരി കേരളാ ഗ്രാമീൺ ബാങ്ക് ശാഖയിൽ 406441090435 എന്ന നമ്പരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ജീ പേ നമ്പർ 8848594474.