
ആലപ്പുഴ: കുട്ടികളിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടമായാൽ വീടുകളിൽ ചികിത്സ നടത്താതെ ശിശുരോഗ വിദഗ്ദ്ധന്റെ സേവനം തേടണമെന്ന് ഡി.എം.ഒ നിർദേശിച്ചു. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായ അളവിലും ഇടവേളകളിലും നൽകണം. രോഗസമയത്ത് എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കൊടുക്കണം. മുലകുടിക്കുന്ന കുട്ടികൾക്ക് മുലയൂട്ടൽ തുടരണം. കൊവിഡ് മുക്തരായതിനു ശേഷവും കുഞ്ഞുങ്ങൾക്ക് അവയവ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രത്തിന് സാദ്ധ്യതയുണ്ട്. കൊവിഡ് മുക്തമായതിന് ശേഷവും രണ്ടും മാസത്തിനുള്ളിൽ പനിയോടൊപ്പം ദേഹത്ത് ചുവന്ന പാട്, ഛർദ്ദി, വയറിളക്കം, കണ്ണും ചുണ്ടും ചുവക്കുക, അസഹനീമായ വയറുവേദന എന്നിവയുണ്ടെങ്കിൽ ശിശുരോഗ വിദഗ്ദ്ധനെ കാണിക്കണം.
ലക്ഷണങ്ങൾ
തൊണ്ടവേദന, തൊണ്ട കുത്തിയുള്ള ചുമ, ശരീരോഷ്മാവ് 104 ഡിഗ്രി വരെയുള്ള പനി, ഛർദ്ദി, വയറിളക്കം
ആശുപത്രി ചികിത്സ തേടേണ്ടത്
* ആറു മണിക്കൂറിൽ ഒരു തവണയെങ്കിലും മൂത്രം നന്നായി പോയില്ലെങ്കിൽ.
* ചൂട് കുറഞ്ഞിരിക്കുമ്പോഴും കുട്ടികളിൽ ക്ഷീണം
* മുലപ്പാൽ കുടിക്കാതിരിക്കുക
* കൈകാലുകളിൽ തണുപ്പ്
* ചുണ്ടിന് നീല നിറം
* ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട്
* ശ്വാസം എടുക്കുമ്പോൾ തൊണ്ടയും നെഞ്ചും കുഴിഞ്ഞുവരിക
വീട്ടിൽ കൊവിഡ് ബാധിതരുണ്ടെങ്കിൽ കുഞ്ഞുങ്ങളുടെ പനി കൊവിഡാകാനുള്ള സാദ്ധ്യത പരിഗണിച്ച് ജാഗ്രത കാണിക്കണം
ഡോ.ജമുന വർഗീസ്, ജില്ലാ മെഡിക്കൽ ഓഫീസർ)
ഇന്നലെ 2323 പേർക്ക് കൊവിഡ്
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 2323 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2232 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 64 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.1907 പേർ രോഗമുക്തരായി. നിലവിൽ 14043 പേരാണ്ചികിത്സയിൽ കഴിയുന്നത്.