 
കായംകുളം: വേനലെത്തിയതോടെ തന്നെ കായംകുളവും സമീപ പഞ്ചായത്തുകളും കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്. പലയിടത്തും പൈപ്പിലൂടെ കലക്കവെള്ളം ലഭിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ രണ്ടാഴ്ച കാലമായി ദൂരെയുള്ള വീടുകളിൽ നിന്നാണ് പ്രദേശവാസികൾ വെള്ളം ശേഖരിക്കുന്നത്. വാട്ടർ അതോറിട്ടിയുടെ കണക്ഷനെടുത്ത പഞ്ചായത്തിലെ ഒരു വാർഡിലും വെള്ളം ലഭ്യമല്ല. ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്ന കണ്ടല്ലൂർ പഞ്ചായത്തിന്റെ തെക്കൻ മേഖലകളിലും ആറാട്ടുപ്പുഴ ഗ്രാമ പഞ്ചായത്തിലെ കായലോര പ്രദേശങ്ങളിലും കഴിഞ്ഞ ഒന്നര വർഷമായി പ്രശ്നം രൂക്ഷമാണ്.
കഴിഞ്ഞ ദിവസം പത്തിയൂർ പഞ്ചായത്തിലെ ആറാം വാർഡിൽ കടക്കത്തറയിൽ സതീശന്റെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ അതോറിട്ടിയുടെ പൈപ്പിൽ നിന്നും ലഭിച്ചത് മഞ്ഞ നിറത്തിലെ വെള്ളമാണ്. അതിനു ശേഷം അഞ്ചു ദിവസമായി വെള്ളം വന്നിട്ടില്ല.
#നഗരത്തിൽ പൈപ്പ് ലൈൻ പൊട്ടി പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം
#പൈപ്പ് ലൈൻ പൊട്ടുന്നതു മൂലം റോഡുകളിൽ ഗർത്തങ്ങൾ രൂപപ്പെടുന്നു
കുടിവെള്ളം ക്ഷാമം രൂക്ഷമായ ഇടങ്ങൾ
കായംകുളം നഗരം, കണ്ടല്ലൂർ പഞ്ചായത്ത്, ആറാട്ടുപ്പുഴ ഗ്രാമ പഞ്ചായത്ത്
പരാതിക്ക് ഫലമില്ല
നിരവധിതവണ കായംകുളം വാട്ടർ അതോറിറ്റി ഓഫീസിൽ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനക്കമുണ്ടായില്ല. യാതൊരു പരിഹാരവും കാണാത്തതിനാൽ തിരുവനന്തപുരം ഹെഡ് ഓഫീസിലും ജനങ്ങൾ പരാതിപ്പെട്ടെങ്കിലും ഗുണമുണ്ടായില്ല. വാട്ടർ അതോറിട്ടി വിതരണം ചെയ്യുന്നത് മലിനജലമാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അലംഭാവം തുടരാനാണ് ഭാവമെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും.
അൻസാരി കോയിക്കലേത്ത്, കായംകുളം ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്