ചാരുംമൂട് : എസ് .എൻ.ഡി.പി.യോഗ ചരിത്രത്തിൽ ജനറൽ സെക്രട്ടറിയായി കാൽ നൂറ്റാണ്ട് പൂർത്തിയാക്കി ചരിത്ര പുരുഷനായി മാറിയ വെള്ളാപ്പള്ളി നടേശന്റെ പാനലിന് പൂർണ പിന്തുണ നൽകണമെന്ന് ചാരുംമൂട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മി​റ്റി അഭ്യർത്ഥിച്ചു. സമുദായത്തിന് കെട്ടുറപ്പും അംഗീകാരവും ഉണ്ടാക്കിയെടുക്കുക മാത്രമല്ല നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം സ്ഥാപിക്കുവാനും സംഘടനാ രംഗത്ത് വമ്പിച്ച മാറ്റങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു. ശാഖകളും യൂണിയനുകളും പുതുതായി രൂപീകരിച്ചത് യോഗത്തിന് പുത്തൻ ഉണർവേകി. എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന വെള്ളാപ്പള്ളി നടേശനു പിന്നിൽ സമുദായം ഒറ്റക്കെട്ടാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. യോഗത്തെ ശിഥിലമാക്കുവാനും തകർക്കുവാനും ശ്രമിക്കുന്നവരാണ് കള്ളക്കേസുകളുടെ പിന്നിലെന്നും എന്തൊക്കെ സംഭവിച്ചാലും വെള്ളാപ്പള്ളി നടേശൻ വർദ്ധിച്ച ജനപിന്തുണയാർജിച്ച് യോഗ നേതൃത്വത്തിൽ തുടരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും യോഗം അഭി​പ്രായപ്പെട്ടു. യോഗത്തിൽ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബി.സത്യപാൽ പ്രമേയം അവതരിപ്പിച്ചു. വൈസ് ചെയർമാൻ രഞ്ജിത് രവി, എസ് എസ് അഭിലാഷ് കുമാർ, വി.ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.