മാവേലിക്കര: അടഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശികൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ ബശിരാത് ബാബ്‌ല മജേർപുര തറിക്വിൽ ഗാസി (25), കൃഷ്ണപുർ ബിധാൻ നഗർ പോലന്റെ ഉത്തർപുര ഷാഹിൻ മണ്ഡൽ (31) എന്നിവരാണ് അറസ്റ്റിലായത്. 26ന് രാത്രി ഒന്നിന് എസ്.ഐ വർഗീസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈക്കിളിലെത്തിയ പ്രതികൾ കുടുങ്ങിയത്.
സഞ്ചിയിൽ നിന്നു നിലവിളക്ക്, കിണ്ടി, താലം, കൈവിളക്ക് എന്നീ ഓട്ടുപകരണങ്ങളും ചുറ്റിക, കമ്പി തുടങ്ങിയ ആയുധങ്ങളും കണ്ടെത്തി. കുന്നം നമ്പ്യാർ വില്ലയിൽ വീടിന്റെ അടുക്കളവാതിൽ തകർത്തു പൂജാമുറിയിൽ നിന്നു അപഹരിച്ചതാണു ഓട്ടുപകരണങ്ങളെന്നു പ്രതികൾ സമ്മതിച്ചു. പൊലീസ് വീട്ടിലെത്തി മോഷണം നടന്നെന്നു ഉറപ്പാക്കി. ഉടമസ്ഥൻ ഡൽഹിയിലായതിനാൽ വീട് അടഞ്ഞു കിടക്കുകയായിരുന്നു.