ചേർത്തല: വനിത തൊഴിലുറപ്പ് തൊഴിലാളിയുടെ വേതനം അകലെയുള്ള ബാങ്കിലേക്ക് അയക്കുന്നതിനെതിരെ തൊഴിലുറപ്പ് തൊഴിലാളി ഓംബുഡ്‌സ്മാന് പരാതി നൽകി. വയലാർ പഞ്ചായത്ത് 13-ാം വാർഡിൽ നീലിമംഗലം ചെല്ലാനത്തുപറമ്പിൽ വിജയകുമാരിക്ക് പട്ടണക്കാട് എസ്.ബി.ഐ ശാഖയിൽ നിന്നാണ് വേതനം ലഭിച്ചിരുന്നത്. വേതനം മുടങ്ങിയതോടെ വീടിന് സമീപത്തുള്ള യൂണിയൻ ബാങ്ക് വയലാർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ച് ഇതിലേക്ക് അയക്കാൻ അപേക്ഷ നൽകിയെങ്കിലും ഇവരുടെയും ഭർത്താവിന്റെയും മകന്റെയും പേരിൽ ഐ.ഒ.ബി ചേർത്തല ശാഖയിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് കൂലി നിക്ഷേപിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വാങ്ങാൻ ചേർത്തലയിലേക്ക് പോകുന്നത് സമയ, ധന നഷ്ടത്തിന് കാരണമാകുന്നുണ്ടെന്നും വേതനം സമീപത്തെ യൂണിയൻ ബാങ്ക് വയലാർ ശാഖയിലുള്ള അക്കൗണ്ടിൽ ലഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കാട്ടി വിജയകുമാരിയുടെ ഭർത്താവ് സി.കെ രവീന്ദ്രനാണ് ഓംബുഡ്‌സ്മാന് പരാതി നൽകിയത്.