
അമ്പലപ്പുഴ: കൊവിഡ് കാലത്ത് കലാകാരന്മാരുടെ ജീവിതത്തിന്റെ നേർസാക്ഷ്യമായി തെരുവിൽ ജ്യൂസ് കച്ചവടം നടത്തുകയാണ് സിനിമ, മിമിക്രി കലാകാരൻ തകഴി ഇലഞ്ഞിപ്പറമ്പ് വീട്ടിൽ അജയൻ തകഴി (52). വേദികൾ നിലച്ചതോടെയാണ് കുടുംബത്തിന്റെ വിശപ്പകറ്റാൻ തണ്ണിമത്തൻ ജ്യൂസ് കച്ചവടത്തിലേക്ക് അജയൻ വഴിതിരിഞ്ഞത്. മോഹൻലാൽ ചിത്രമായ ഭ്രമരത്തിലെ പളനിയെന്ന കഥാപാത്രമുൾപ്പടെ 20 ഓളം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സ്വകാര്യ ചാനലുകളിലെ കോമഡി പരിപാടികളായ രസികരാജ, കോമഡി തിങ്സ്, കോമഡി സ്റ്റാർ, കോമഡി എക്സ്പ്രസ് തുടങ്ങിയവയിലൂടെയാണ് അജയൻ ശ്രദ്ധേയനായത്. റിലീസാവാനുള്ള ഡോ. രാ പ്രസാദിന്റെ കാവദി കാക്കകളിലാണ് അവസാനമായി അഭിനയിച്ചത്. വിശപ്പിന്റെ കഥ പറയുന്ന സ്പർശം എന്ന ഷോർട്ട് ഫിലിം ഏറെ ശ്രദ്ധേയമായിരുന്നു. നിരവധി വെബ് സീരിയലിലും അഭിനയിച്ചിട്ടുണ്ട്. 1985-87 കാലത്ത് ആലപ്പുഴ എസ്.ഡി കോളേജിൽ കൊമേഴ്സ് വിദ്യാർത്ഥിയായിരിക്കേയാണ് കലാസമിതികളിൽ മിമിക്രി താരമായത്. വിവിധ മിമിക്രി ട്രൂപ്പുകളിൽ കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചു. 2018ൽ 8 ലക്ഷം രൂപ വായ്പയിൽ വീടിനോടു ചേർന്ന് പലചരക്കു കട തുടങ്ങി കച്ചവടം പച്ച പിടിച്ചു വരുന്നതിനിടെയാണ് പ്രളയം അജയന്റെ സ്വപ്നങ്ങൾ തകർത്തത്. റെയിൽവേയുടെ തൊട്ടടുത്ത താമസക്കാരനായതിനാൽ കടയ്ക്ക് ലൈസൻസ് ലഭിച്ചിരുന്നില്ല. നഷ്ടപരിഹാരമൊന്നും ലഭിക്കാതെ വന്നതോടെ കുറച്ചുനാൾ നാട്ടിൽ നിന്ന് മുങ്ങി നടക്കേണ്ടിയും വന്നു ഈ കലാകാരന്. കൊവിഡും കൂടി എത്തിയതോടെ വരുമാനമാർഗം പൂർണമായി അടഞ്ഞു. വീണ്ടും തകഴിയിലെത്തിയ അജയൻ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി ഫെഡറൽ ബാങ്കിന് സമീപം ജ്യൂസ് കച്ചടവടം ആരംഭിച്ചത്. പ്ലാസ്റ്റിക് മേശപ്പുറത്ത് തണ്ണി മത്തനും, ഗ്ലാസും വെച്ചാണ് കച്ചവടം. ഏത്തപ്പഴം, മുന്തിരി, കാരറ്റ് തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന അജയന്റ് തണ്ണി മത്തൻ ജ്യൂസിന് മികച്ച ഡിമാൻഡാണ്. അമ്മ കാർത്ത്യായനി, ഭാര്യ ഗിരിജ, മക്കളായ അക്ഷയ്, അഭയ് എന്നിവരുടെ വിശപ്പകറ്റാൻ എന്തു ജോലിയും ചെയ്യാൻ തയ്യാറാണെന്ന് അജയൻ പറയുന്നു.