ആലപ്പുഴ: പുനരുദ്ധാരണം പൂർത്തീകരിച്ച പഴയവീട് ശ്രീഭഗവി ക്ഷേത്രത്തിന്റെ സമർപ്പണവും പുനപ്രതിഷ്ഠാ കർമ്മവും നാളെ തുടങ്ങും. ഫെബ്രുവരി 10വരെ ആചാരപരമായ ചടങ്ങുകളോടെ കൊവിഡ് മാനദണ്ഡം പാലിച്ചാണ് ചടങ്ങുകൾ നടത്തുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി ഏഴിന് രാവിലെ ഒൻപതിനും 10.30നും മദ്ധ്യേ മീനം രാശിയിൽ പഴയവീട്ടിലമ്മയുടെ പ്രതിഷ്ഠയും ഉപദേവതകളായ ഗണപതി, ബ്രഹ്മരക്ഷസ്, കൊടുംകാളി എന്നീ പ്രതിഷ്ഠകളും നടത്തും. ആചാര്യ വരണത്തോടെ പുന:പ്രതിഷ്ഠാ കർമ്മങ്ങൾ ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകർമ്മികത്വത്തിൽ നടക്കും. 2016ലെ ദേവപ്രശ്ന അനുസരിച്ച് ക്ഷേത്രം പുനർ നിർമ്മിക്കാൻ തീരുമാനിച്ചത്. 2017 മാർച്ച് 27ന് തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരിപാർവതി ഭായി തമ്പുരാട്ടി പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. നിർമാണത്തിനായി നാല്കോടി രൂപയിലധികമാണ് ചെലവായത്. തിരുമ്പാടി 1790-ാം നമ്പർ, കൈതവന 856-ാം നമ്പർ എൻ.എസ്.എസ് കരയോഗങ്ങളുടെ ഉടമസ്ഥയതിലുള്ളതാണ് ക്ഷേത്രം. കലാപരിപാടികൾ പൂർണമായും ഒഴിവാക്കി ഒരേ സമയം 50പേർക്ക് മാത്രം ദർശനം അനുവദിക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ജനറൽ കൺവീനർ ഡി.പി. വിജയചന്ദ്രൻ നായർ, പബ്ളിസിറ്റി കൺവീനർ ജി. സുരേഷ് കുമാർ, പഴയവീട് ദേവസ്വം ബോർഡ് പ്രസിഡന്റ് വി. ജയകൃഷ്ണൻ, പ്രസിഡന്റ് പ്രൊഫ. എം. സുകുമാരൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
കർശന നിയന്ത്രണങ്ങൾ
# ഒരേ സമയം പ്രവേശനം 50പേർക്ക് മാത്രം
# മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലക്കുക
# സാനിട്ടൈസർ ചെയ്യുക
# 10വയസിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, രോഗ ലക്ഷണമുള്ളവർ എന്നിവർക്ക് പ്രവേശനം ഇല്ല
# രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ
# മതിൽകെട്ടിന് പുറത്ത് ആൾക്കൂട്ടം പാടില്ല
# കലാപരിപാടികൾ ഒഴിവാക്കി
# ദർശന സമയം 10.30 മുതൽ ഉച്ചയ്ക്ക് 1.30വരെ