ആലപ്പുഴ : ആലപ്പുഴ ബൈപാസിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അമിത വേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്തുന്നതിന് ക്യാമറകൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
കളക്ടർ എ. അല്കസാണ്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എച്ച്. സലാം എം.എൽ.എയാണ് വിഷയം അവതരിപ്പിച്ചത്. സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതും ബസ് സ്റ്റോപ്പുകൾ പുനക്രമീകരിക്കുന്നതും ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർ കഴിഞ്ഞ ദിവസം ദേശീയ പാതാ വിഭാഗത്തിന് നിർദേശം നൽകിയിരുന്നു. ഫലപ്രദമായ നിരീക്ഷണ സംവിധാനം കൂടി സജ്ജമായാൽ മാത്രമേ അപകടങ്ങൾ കുറയ്ക്കാൻ കഴിയൂ. ക്യാമറകൾ സ്ഥാപിക്കുന്നതിനു വേണ്ടിവരുന്ന തുക എം.പിയുടെയും എം.എൽ.എയുടെയും ഫണ്ടിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കാനും യോഗം തീരുമാനിച്ചു.
ഹരിപ്പാട് നിയോജകമണ്ഡലത്തിൽ കടലാക്രമണ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ ടെട്രാപ്പോഡ് സംരക്ഷണം ഉറപ്പാക്കാൻ നടപടി വേണമെന്ന് എ.എം. ആരിഫ് എം.പി നിർദേശിച്ചു. ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കി ജില്ലയിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
അരൂർ മേഖലയിൽ റോഡുകളുടെ നിർമാണ, നവീകരണ ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് ദലീമ ജോജോ എം.എൽ.എ നിർദേശിച്ചു. പള്ളിത്തോട് ചാപ്പക്കടവ്, ഉളവയ്പ്പ് മേഖലകളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതു സംബന്ധിച്ച പരാതി പരിഹരിക്കണം. കാക്കത്തുരുത്ത് ദ്വീപ് അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടു.
കുട്ടനാട് മണ്ഡലത്തിലെ പാടശേഖരങ്ങളുടെ പുറം ബണ്ട് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് തോമസ് കെ. തോമസ് എം.എൽ.എ നിർദ്ദേശിച്ചു.
ക്ഷീര ഗ്രാമത്തിന്റെ ഭാഗമായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ ഡയറി യൂണിറ്റുകൾ ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് 50 ലക്ഷം രൂപ ധനസഹായമായി ക്ഷീരകർഷകർക്ക് അനുവദിക്കുമെന്ന് ജില്ലാ ക്ഷീര വികസന ഓഫീസർ അറിയിച്ചു.