 
മാന്നാർ: നവാസിന്റെ അടച്ചുറപ്പുള്ള സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. കാൻസർ രോഗബാധിതനായി തൊഴിലൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ വർഷങ്ങളായി വാടകവീട്ടിൽ കഴിയുകയായിരുന്നു കുരട്ടിശേരി കോവുമ്പുറത്ത് വഴിയമ്പലത്തിന്റെ തെക്കേതിൽ നവാസ് ഇസ്മായിൽ. നവാസിന്റെ ദുരവസ്ഥ മനസിലാക്കിയ പരുമല സ്വദേശി വിജിജോണിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരുമ ചാരിറ്റി ഫൗണ്ടേഷനാണ് ഭവനം നിർമ്മിച്ച് നൽകുന്നത്.
സുമനസുകളുടെ സഹായം കൊണ്ടുമാത്രം ആഴ്ചതോറും കീമോതെറാപ്പി ചെയ്തു വരുകയായിരുന്നു നവാസ്. നവാസിന്റെ സഹോദരൻ നിയാസ് ഇസ്മായിൽ ദാനമായി നൽകിയ നാലുസെന്റ് സ്ഥലത്താണ് രണ്ട് കിടപ്പുമുറി, അടുക്കള, സിറ്റൗട്ട്, ശുചിമുറി എന്നിവയുൾപ്പെടുന്ന കോൺക്രീറ്റ് ചെയ്ത മനോഹരമായ വീട് ഒരുമ ചാരിറ്റി നിർമ്മിച്ച് നൽകുന്നതെന്നും രണ്ടു മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്നും നിർമ്മാണ പദ്ധതിയുടെ കോ ഓർഡിനേറ്റർമാരായ സുധീർ ഇലവൺസ്, രമേശ് ജ്യോത്സ്യൻ പരുമല എന്നിവർ പറഞ്ഞു.
വീടിന്റെ കല്ലിടീൽ ചടങ്ങ് മാന്നാർ പുത്തൻപള്ളി ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ നിർവഹിച്ചു. പുത്തൻപള്ളി ചീഫ് ഇമാം എം.എ മുഹമ്മദ് ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തംഗം ഷൈന നവാസ്, സജി കുട്ടപ്പൻ, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം, ലത്തീഫ് നാലുപറയിൽ, ബഷീർ പാലക്കീഴിൽ, താജുദീൻകുട്ടി, മാഹീൻ ആലുംമൂട്ടിൽ, അബ്ദുൽസമദ്, ജമാൽ എന്നിവർ സംബന്ധിച്ചു.