
പൂച്ചാക്കൽ: കൃഷിക്ക് ഒരുക്കിയ പാടത്തേക്ക് രാസമാലിന്യം കലർന്ന വെള്ളം ഒഴുക്കിവിട്ടതായി പരാതി. തൈക്കാട്ടുശേരി പഞ്ചായത്ത് കോടവേലി പാടത്തേക്കാണ് മാക്കേകടവ് ജപ്പാൻ കുടിവെള്ള പ്ലാന്റിൽ നിന്ന് മലിന ജലം ഒഴുക്കിവിട്ടത്. വെള്ളരി, ചീര, മത്ത, വെണ്ട, പാവൽ തുടങ്ങിയവ കൃഷി ചെയ്യുവാനായി അഞ്ച് ഏക്കർ പാടശേഖരമാണ് കർഷകർ ഒരുക്കിയത്. വിത്തുകൾക്ക് മുള വന്ന സമയത്താണ് രാസമാലിന്യം കയറിയത്. വിത്തും വളവും നശിച്ചുവെന്നു മാത്രമല്ല, മണ്ണിന്റെ ഘടന തന്നെ മാറിയെന്ന് കർഷകനായ ബാബു മരോട്ടിക്കൽ പറഞ്ഞു. കഴിഞ്ഞ വർഷവും ഇതേ അനുഭവം ഉണ്ടായതിനെ തുടർന്ന് വാട്ടർ അതോറിറ്റിക്ക് പരാതി നൽകിയിരുന്നതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.