
ആലപ്പുഴ: പരമ്പരാഗത വ്യവസായമായ കയർമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി ) നേതൃത്വത്തിൽ മാർച്ച് 15ന് സംസ്ഥാനത്തെ എല്ലാ കയർ പ്രോജക്ട് ഓഫീസുകൾക്ക് മുന്നിലും കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന് മുന്നിലും കയർഫെഡ് ഓഫീസിനു മുന്നിലും സൂചനാ പണിമുടക്ക് നടത്തി ധർണ നടത്തുവാൻ തീരുമാനിച്ചു. കയർപിരി തൊഴിലാളികളുടെ കൂലി 350 രൂപയിൽ നിന്നും 700 രൂപയായി വർധിപ്പിക്കുക, കാലാവധി കഴിഞ്ഞിട്ട് 20 മാസത്തോളമായ കയർ ഫാക്ടറി തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പുതുക്കി തീരുമാനിക്കുക, കോവിഡ്19 മൂലം ദുരിതമനുഭവിക്കുന്ന കയർ തൊഴിലാളികൾക്ക് മത്സ്യത്തൊഴിലാളികൾക്ക് നൽകിയതുപോലെ 5000 രൂപ ധനസഹായം നൽകുക തുടങ്ങിയ അടിയന്തരാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തുന്നത്. യോഗത്തിൽ ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് എ. അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. സത്യനേശൻ റപ്പോർട്ട് അവതരിപ്പിച്ചു. ജി. ഗോപകുമാർ, പി. രാജമ്മ, എൻ.പി. കമലാധരൻ, ആർ. സുരേഷ്, ജോഷി എബ്രഹാം, എം.കെ. ശീമോൻ, വി.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു