
ചെങ്ങന്നൂർ: ഇഗ്വാന എന്ന പല്ലി വർഗത്തിൽപ്പെട്ട ഉരഗജീവിക്ക് വീട്ടിൽ ഓപ്പറേഷൻ തിയറ്ററൊരുക്കി ശസ്ത്രക്രിയ നടത്തി. ചെങ്ങന്നൂരിലെ ഡോക്ടർ ദമ്പതികളായ ടിറ്റു എബ്രഹാമും ഭാര്യ അമൃത ലക്ഷ്മിയുമാണ് 1.2 കിലോ ഭാരമുള്ള പെൺ ഇഗ്വാനയുടെ അണ്ഡാശയം നീക്കംചെയ്തത്. കണ്ണൂർ പഴയങ്ങാടി സ്വദേശി ഷുക്കൂർ വളർത്തുന്ന രണ്ടര വയസുകാരി ഇഗ്വാന കഴിഞ്ഞ കുറേ ദിവസങ്ങളായി അവശ നിലയിലായിരുന്നു. തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ മൃഗാശുപത്രിയിൽ നടത്തിയ എക്സറേ പരിശോധനിയിൽ മുട്ടകൾ കണ്ടെത്തി. മുട്ടകൾ പാതി രൂപപ്പെടുമ്പോൾ ഇല്ലാതാകുന്ന അവസ്ഥയിലായിരുന്നു. ശസ്ത്രിക്രിയ മാത്രമായിരുന്നു പരിഹാരം. പിന്നീട് ഷുക്കൂർ നടത്തിയ അന്വേഷണത്തിലാണ് ഡോ. ടിറ്റുവിനെ കണ്ടെത്തിയത്. രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ 300 ഗ്രാം ഭാരമുള്ള അണ്ഡാശയം നീക്കംചെയ്തു. ചെങ്ങന്നൂർ തുമ്പുങ്കൽ ന്യൂ വില്ലയിൽ ഡോ. ടിറ്റു കിടങ്ങറ മൃഗാശുപത്രിയിലും അമൃതലക്ഷ്മി ചെങ്ങന്നൂർ വെറ്ററിനറി പോളിക്ലിനിക്കിലും ജോലി ചെയ്യുന്നു. അമേരിക്കയിലെ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലുള്ള വലിയ സസ്യഭുക്കുകളിൽ ഒന്നാണ് ഇഗ്വാന. 1.5 മീറ്റർ വരെ നീളത്തിൽ എത്തുന്ന ഈ ഉരഗങ്ങളുടെ ഒരു പ്രത്യേകത വലിയ വാലാണ്. ശരീരത്തിന്റെ ഇരട്ടി നീളമാണ് വാലിന്റെ നീളം. ശരീരം നേർത്തതാണ്, വാൽ വശങ്ങളിൽ നിന്ന് പരന്നതാണ്. ഇഗ്വാനയുടെ മുകൾഭാഗം ഒരു രേഖാംശ വരമ്പുകളാൽ മൂടപ്പെട്ടിരിക്കുന്നു, തൊണ്ടയിൽ ഒരു ചർമ്മ സഞ്ചിയുണ്ട്. ഈ പല്ലിയുടെ കൈകാലുകൾ ചെറുതും കാൽവിരലുകളിൽ ശക്തവുമാണ്.