s

ചേർത്തല:ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പു നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് യുവതിയടക്കം രണ്ടുപേർ പിടിയിലായി. ചേർത്തല നഗരസഭ 34ാം വാർഡ് മന്നനാട്ട് വീട്ടിൽ ശ്രീകുമാറി​നെ(53)യാണ് ഇന്നലെ ചേർത്തല പൊലീസ് അറസ്​റ്റുചെയ്തത്. തിരുവനന്തപുരം ജെ.എം.അപ്പാർട്ടുമെന്റിൽ രണ്ട് ഡി ഫ്‌ളാ​റ്റിൽ ഇന്ദുവി​(സാറ-35)ന്റെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലും മാനേജ്‌മെന്റ് സ്‌കൂളുകളിലും ജോലി വാഗ്ദാനം ചെയ്ത് ഒന്നേ കാൽ കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായാണ് പ്രാഥമികമായ കണ്ടെത്തൽ. ഇതുവരെ 38 ഓളം പരാതികളാണ് ഇവർക്കെതിരെ ചേർത്തല പൊലീസിനു ലഭിച്ചിരിക്കുന്നത്. ചേർത്തലയിലെയും ആലപ്പുഴയിലെയും മുതിർന്ന രാഷ്ട്രീയ നേതാക്കളടക്കമാണ് തട്ടിപ്പിനിരയായിരിക്കുന്നത്. മുൻ മന്ത്രി വി.എസ്.ശിവകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന പി.എ വാസുദേവൻനായരുടെ മകളായ ഇന്ദുവി​നെ വി​വാഹം ചെയ്താണ് മണ്ണഞ്ചേരി കലവൂരിലെത്തിയത്.ഇവരാണ് തട്ടിപ്പിലെ മുഖ്യ സൂത്രധാരിയെന്നാണ് പൊലീസ് പറയുന്നത്.ഇവർക്കെതിരെ തിരുവനന്തപുരം മ്യൂസിയം സ്‌​റ്റേഷനിൽ രണ്ടു സാമ്പത്തിക വഞ്ചനാകേസുകൾ നിലവിലുണ്ട്.വയനാട് അമ്പലവയൽ സ്‌​റ്റേഷൻ പരിധിയിൽ ഒമ്പതു പേരിൽ നിന്നായി 18 ലക്ഷം തട്ടിയതായ പരാതിയും എത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇന്ദുവിനെ റിമാൻഡ് ചെയ്തു. പരാതി​ക്കാരൻ പ്രതി​യായി​ യുവതിയുമായി നേരിട്ടു ബന്ധമുളളയാളാണ് ചേർത്തല സ്വദേശി ശ്രീകുമാർ.വർഷങ്ങൾക്കുമുമ്പ് താലൂക്കിൽ ആർ.എസ്.എസ് നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന ഇയാൾ വഴിയാണ് തട്ടിപ്പിനിരയായവർ യുവതിക്കു പണം നൽകിയതെന്ന് പൊലീസ് പറഞ്ഞു. യുവതി തന്റെ മക്കൾക്ക് ജോലി നൽകാമെന്നുപറഞ്ഞ് 5.15 ലക്ഷം തട്ടിയെന്നുകാട്ടി ശ്രീകുമാറും പൊലീസിനു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ദു പിടിയിലായത്. ചോദ്യം ചെയ്യലിൽ ശ്രീകുമാറിനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന് വെളിച്ചത്താകുകയായി​രുന്നു. അതോടെയാണ് ഇയാൾ അറസ്​റ്റി​ലായത്. കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ ജാമ്യത്തിൽ വിട്ടു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഹോംകോയിലെയും മാനേജ് മെന്റ് സ്‌കൂളുകളിലെയും വ്യാജ ലെ​റ്റർ പാഡുകളിൽ പ്രവേശന രേഖയടക്കം ഒരുക്കിയും ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഇമെയിൽ വിലാസം ഒരുക്കിയുമാണ് ഇവർ തട്ടിപ്പ് നടത്തിയത്.ഹോംകോയിലേക്ക് മൂന്നു ലക്ഷവും സ്‌കുളുകളിലേക്കുള്ള നിയമനത്തിന് എട്ടുലക്ഷവും വരെ വാങ്ങിയതായാണ് പരാതികൾ. യുവതി കുടുങ്ങിയതോടെ ഇവരുടെ തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതികളുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. ചേർത്തല ഡിവൈ.എസ്.പി ടി.ബി.വിജയൻ,സ്​റ്റേഷൻ ഹൗസ് ഓഫീസർ സി.വിനോദ്കുമാർ എന്നിവരുടെ മേൽ നോട്ടത്തിൽ എസ്.ഐ.എം.എം.വിൻസെന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സാമ്പത്തിക തട്ടിപ്പു കേസിൽ പിടിയിലായ ശ്രീകുമാർ സംഘപരിവാർ സംഘടനകളുടെ യാതൊരു ചുമതലകളും വഹിക്കുന്നില്ലെന്നും ഇയാളുമായോ തട്ടിപ്പ് കേസുമായോ ആർ.എസ്.എസിനോ സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ലെന്ന് ആർ.എസ്.എസ് ജില്ലാ കാര്യവാഹ് അറിയിച്ചു.

Image Filename Caption