p

ആലപ്പുഴ: യു.എ.ഇ പര്യടനം ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ നാട്ടിലെത്തി കൊവിഡ് പ്രതി​രോധ പ്രവർത്തനത്തിന് നേതൃത്വം നൽകണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുൻകൂട്ടി തയ്യാറാക്കിയ പരിപാടികൾ ഇല്ലാതെ 9 ദിവസം മുഖ്യമന്ത്രി​ യു.എ.ഇയിൽ നിൽക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.

സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്നവർക്ക് മരുന്നും ചികിത്സയും ലഭിക്കുന്നില്ല. എല്ലാവരും വീട്ടിൽ കഴിയാനാണ് സർക്കാർ പറയുന്നത്. സി.എഫ്.എൽ.ടി.സികൾ തുറക്കുമെന്ന് പറയുമ്പോഴും ഒരിടത്തും തുടങ്ങിയില്ല.

ലോകായുക്തയുടെ ഗൗരവം കുറയ്ക്കുന്ന ഓർഡിനൻസിനെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. നിയമസഭ കൂടാനിരിക്കെ ഇത്തരമൊരു ഓർഡിനൻസിന് യാതൊരു പ്രസക്തിയുമില്ല. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരായ കേസ് ഒന്നിനും നാലിനും വരാനിരിക്കെ ഇരുവരെയും സംരക്ഷിക്കാനാണ് ധൃതിയിൽ ഓർഡിനൻസ് കൊണ്ടുവന്നത്. ഓർഡിനൻസ് ഇറക്കിയെന്നുളള വിവരം മാദ്ധ്യമങ്ങളെപോലും അറി​യിച്ചിട്ടില്ല. ക്യാബിനറ്റ് ബ്രീഫ് പ്രതിപക്ഷനേതാവിനടക്കം നൽകുന്നതാണെങ്കി​ലും ഇത്തവണ അതുമുണ്ടായില്ല. സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റി​സോ ആണ് ലോകായുക്തയായി നിയമിക്കപ്പെടേണ്ടത്. അതുമാറ്റി ജഡ്ജ് എന്നാക്കിയത് തങ്ങൾക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാൻ വേണ്ടിയാണെന്ന് ചെന്നിത്തല ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ഡി.സിസി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, എ.എ. ഷുക്കൂർ, നെടുമുടി ഹരികുമാർ, ബി. ബൈജു, ജി. സജീവ്ഭട്ട് എന്നിവരും പങ്കെടുത്തു.