ആലപ്പുഴ: വേനൽ ചൂട് കനത്തതോടെ കുട്ടനാട്ടിലെ പതിമൂന്ന് പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി​.

ആവശ്യത്തി​ന് വെള്ളം വി​തരണം ചെയ്യുവെന്ന് അധി​കൃതർ അവകാശപ്പെടുമ്പോഴും നാട്ടുകാർ കുടി​വെള്ളത്തി​നായി​

ഓടുകയാണ്.

നീരേറ്റ് പുറം ശുചീകരണ പ്ലാന്റിനുപുറമേ 26 കുഴൽ കിണറിൽ നിന്ന് രണ്ട് കോടി ലിറ്റർ ശുദ്ധജലം വിതരണം ചെയ്യുന്നു എന്നാണ് ജല അതോറിട്ടി പറയുന്നത്. പമ്പമണിമല-പൂകൈത ആറുകളിലെ വെള്ളത്താൽ ചുറ്റപ്പെട്ട മേഖലയി​ൽ കുടി​ക്കാൻ വെള്ളമി​ല്ലാത്ത അവസ്ഥ.

കാലപഴക്കം ചെന്ന വിതരണ കുഴലുകളാണ് പലയിടത്തും ഉള്ളത്. കുട്ടനാട് ശുദ്ധജലപദ്ധതിക്കായി തിരുവല്ലയിലെ ടാങ്കിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം ലഭിക്കാത്തതും വിനയായി. വല്ലപ്പോഴും മാത്രമാണ് നീരേറ്റു പുറത്ത് നിന്ന് കുടിവെള്ളം എത്തുന്നത്. പ്രളയക്കെടുതിക്കുശേഷം കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും കുടിവെള്ളം പൊതുടാപ്പിലൂടെ വിതരണം നടത്താൻ ജല അതോറിട്ടിക്ക് കഴിയുന്നില്ലെന്ന് പരാതി​യുണ്ട്. 2018ലെ മഹാപ്രളയത്തിൽ ജലവിതരണ കുഴലുകൾ വെള്ളത്തിന്റെ കുത്തൊഴുക്കിൽ പലയിടത്തും തകർന്ന വിതരണക്കുഴലുകൾ ഇന്നും മാറ്റി സ്ഥാപിച്ചിട്ടില്ല.

ലക്ഷ്യം കാണാത്ത കുടി​വെള്ള പദ്ധതി​കൾ
പദ്ധതികൾ പലത് ആവിഷ്‌കരിച്ചെങ്കിലും ഒന്നും വിജയത്തിലെത്താത്തതാണ് കുട്ടനാട്ടിലെ കുടിവെള്ളക്ഷാമത്തിന് കാരണം. തിരുവല്ലയിൽ കമ്മിഷൻ ചെയ്ത കുട്ടനാട് കുടിവെള്ള പദ്ധതിയിൽ നിന്ന് പ്രതിദിനം ഒരുകോടി ലിറ്റർ വെള്ളം എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇപ്പോൾ ലഭിക്കുന്ന വെള്ളത്തിന്റെ അളവ് 60ലക്ഷം ലിറ്ററാണ്.
14 ദശലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള നീരേറ്റുപുറം ശുദ്ധീകരണ പ്ലാന്റ് 2014 ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്തെങ്കിലും പ്ലാന്റിൽ നിന്ന് പ്രതിദിനം ഒരുകോടി ലിറ്ററിന് താഴെയാണ് വിതരണം. തലവടി, എടത്വ, മുട്ടാർ, രാമങ്കരി, കുവാലം, വെളിയനാട്, പുളിങ്കുന്ന്, ചമ്പക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
മറ്റ് പഞ്ചായത്തുകളിൽ കുഴൽ കിണറുകളിലെ വെള്ളമാണ് വിതരണം ചെയ്യുന്നത്. കുളിക്കുന്നതിനും തുണികൾ കഴുകുന്നതിനും സമീപത്തുകൂടി ഒഴുകുന്ന പമ്പ ആറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.

# കിഫ്ബി പദ്ധതി

കുട്ടനാട്ടിലെ 289.5കോടി രൂപയുടെ കിഫ്ബി കുടിവെള്ള പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ മൂന്ന് വർഷം കഴി​ഞ്ഞിട്ടും പൂർത്തീകരിക്കാനായിട്ടില്ല. ഭരണാനുമതി നൽകിയെങ്കിലും പദ്ധതി നിർവഹണത്തിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തന വീഴ്ച നിർമ്മാണം വൈകുന്നതി​ന് കാരണമാകുന്നുവെന്നാണ് ആക്ഷേപം. നദീജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതാണ് പദ്ധതി. വേഗത്തിൽ നിർമ്മാണം പൂർത്തീകരിക്കാൻ കുട്ടനാട്ടിൽ പദ്ധതി നടത്തിപ്പിന് പുതിയ ഡിവിഷൻ തുടങ്ങുകയും ചെയ്തു.

...................................


'കുട്ടനാട് താലൂക്കിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സർക്കാർ അ‌ടി​യന്തരമായി ഇടപെടണം. പമ്പ്ഹൗസുകൾ പൂർണമായി പ്രവർത്തന സജ്ജമല്ല. സ്വകാര്യ വെള്ളക്കമ്പനികളിൽ നിന്ന് അമിതവിലയ്ക്കാണ് കുടിവെള്ളം വാങ്ങുന്നത്. വള്ളത്തിലും വാഹനങ്ങളിലും സർക്കാർ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും തി​കയുന്നി​ല്ല. ആവശ്യമായ നടപടി സ്വീകരിക്കണം.

പ്രദീപ്, പ്രദേശവാസി