
ആലപ്പുഴ: കൊവിഡ് മൂന്നാം തരംഗത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗ വ്യാപനം രൂക്ഷമാകുന്നു. ശനിയാഴ്ചവരെ 570 ആരോഗ്യപ്രവർത്തകരാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ നൂറോളം ആരോഗ്യ കേന്ദ്രങ്ങളിലായി രണ്ടായിരത്തിലധികം ആരോഗ്യ പ്രവർത്തകരാണുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേതുൾപ്പെടെ ഡോക്ടർമാർ, നഴ്സിംഗ് ഓഫീസർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്സിംഗ് അസിസ്റ്റന്റുമാർ, ലാബ് ടെക്നീഷ്യന്മാർ, ഓഫീസ് ജീവനക്കാർ എന്നിവരാണ് പട്ടികയിലുള്ളത്. ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ ദിവസം അഞ്ചു മുതൽ ഒമ്പതുവരെ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുമ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശരാശരി 30 ജീവനക്കാർക്കാണ് രോഗബാധ.
ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ഉടൻ താത്കാലിക നിയമനം നടത്താനാണ് ആരോഗ്യ വകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും തീരുമാനം. ആർ.ടി.പി.സി.ആർ പരിശോധനക്ക് മെഡിക്കൽ കോളേജ് ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളാണ് ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടിലും മൈക്രോ ബയോളജിയിലും ദിനം പ്രതി എത്തുന്നത്. പ്രതിദിനം 5000ലധികം സാമ്പിളുകൾ എത്തുന്നുണ്ട്. ആർ.ടി.പി.സി.ആർ ഫലമറിയാൻ വൈകുന്നതിനാൽ ആന്റിജൻ ടെസ്റ്റ് നടത്തുന്നവരാണ് കൂടുതൽ. ആന്റിജൻ നെഗറ്റീവായാലും പലപ്പോഴും ആർ.ടി.പി.സി.ആർ പോസിറ്റീവായിരിക്കും.
ജില്ലയിൽ 570 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്
മെഡിക്കൽ കോളേജിൽ 218 പേർക്ക് കൊവിഡ്
ശനിയാഴ്ച മാത്രം 28 പേർക്ക് രോഗം സ്ഥിരീകരിച്ചു
ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി
ബി കാറ്റഗറി വാർഡുകളിൽ രോഗികളുടെ എണ്ണം കൂടുന്നു
ജീവനക്കാരുടെ കുറവ് മൂലം രോഗികൾക്ക് പരിചരണം ലഭിക്കുന്നില്ലെന്ന് പരാതി