 
അമ്പലപ്പുഴ: പള്ളാത്തുരുത്തി നിവാസികളുടെ സുഗമമായ യാത്രയ്ക്കുള്ള റോഡിന്റെ നിർമ്മാണത്തിന് നടപടി ആരംഭിച്ചു. ടൂറിസം മേഖലയ്ക്കുൾപ്പടെ സഹായമായ റോഡ് പള്ളാത്തുരുത്തി പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തു നിന്ന് ആറ്റുതീരം വഴി വടക്കോട്ടാണ് നിർമ്മിക്കുക. പളളാതുരുത്തി പാലം മുതൽ വടക്കോട്ട് വലിയപറമ്പ് പാലം വരെ 570 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലുമാകും റോഡ് പൂർത്തിയാക്കുക. ഇവിടെ 360 മീറ്റർ ഭാഗത്ത് കൽകെട്ടും നിർമ്മിക്കും. വലിയപറമ്പ് പാലം മുതൽ രാമപുരം പാലം വരെയുള്ള 1200 മീറ്റർ റോഡിൻ്റെ നിർമ്മാണവും ഇവിടെ ആവശ്യമാണ്. കാലതാമസം കൂടാതെ രണ്ടാം ഘട്ടമായാകും ഈ ഭാഗത്തെ നിർമ്മാണം. നൂറു കണക്കിന് വീട്ടുകാരാണ് ഈ ഭാഗത്ത് സ്ഥിരതാമസക്കാരായുള്ളത്. വിനോദസഞ്ചാരികളേയും വഹിച്ചുകൊണ്ട് ഒട്ടനവധി പുര വഞ്ചികൾ യാത്ര പുറപ്പെടുന്നതും നങ്കൂരമിടുന്നതും ഈ ആറ്റുതീരത്താണ്. ഇരുചക്രവാഹനയാത്ര പോലും ദുഷ്കരമായ ഈ ഭാഗത്ത് റോഡ് വേണമെന്നത് നാട്ടുകാരുടെ വർഷങ്ങൾ നീണ്ട ആവശ്യമായിരുന്നു. വിഷയം സി.പി. എം കളർകോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ. വിനോദ് കുമാർ എച്ച്. സലാം എം. എൽ. എയെ അറിയിച്ചതിനെ തുടർന്നാണ് കാലങ്ങളായ നടവഴി ഇപ്പോൾ റോഡായി മാറുന്നതിന് സാഹചര്യമൊരുങ്ങുന്നത്. എച്ച് .സലാം എം. എൽ .എ സ്ഥലം സന്ദർശിച്ചു. ജെ. വിനോദ് കുമാർ, ലോക്കൽ കമ്മിറ്റിയംഗം ജയശ്രീ, അജേഷ്, മോഹനൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.