s

ആലപ്പുഴ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ രണ്ടാമത്തെ ഞായർ നിയന്ത്രണത്തിൽ ജനം വീട്ടിലിരുന്ന് സഹകരിച്ചു. ഇളവ് അനുവദിച്ചതൊഴികെ മറ്റ് കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നതോടെ തെരുവുകൾ വിജനമായി. രോഗവ്യാപനഭീതിക്കൊപ്പം പ്രധാന ഇടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയതോടെ അനാവശ്യ യാത്രക്കാർ പുറത്തിറങ്ങിയില്ല. പ്രധാന ജംഗ്ഷനുകളിൽ ബാരിക്കേഡ് സ്ഥാപിച്ചായിരുന്നു പരിശോധന. അവശ്യയാത്രക്കായി പുറത്തിറങ്ങിയ സ്വകാര്യവാഹനങ്ങൾ പരിശോധിച്ച് യാത്രാവിവരങ്ങൾ ചോദിച്ചറിഞ്ഞും, സത്യവാങ് മൂലം പരിശോധിച്ചുമാണ് കടത്തിവിട്ടത്. നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളിൽ വിവാഹം, മരണം തുടങ്ങിയ ബോർഡുകൾ പതിച്ചിരുന്നു. ലോക്ക്ഡൗണിൽ ഇളവ് നൽകിയ ആരോഗ്യപ്രവർത്തകരടക്കമുള്ള വിഭാഗങ്ങളുടെ തിരിച്ചറിയൽ കാർഡും പരിശോധിച്ചു.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിച്ചത്. ചിലഹോട്ടലുകൾ തുറന്നെങ്കിലും പാഴ്സൽ വിതരണം മാത്രമാണുണ്ടായിരുന്നത്. എന്നാൽ പേരിന് മാത്രമാണ് കച്ചവടം നടന്നത്. 59സർവീസുകൾ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽനിന്ന് ഏഴ് ബസുകളാണ് സർവിസ് നടത്തിയത്. ഇതിൽ രണ്ടെണ്ണം ആരോഗ്യപ്രവർത്തകർക്ക് മാത്രമായിരുന്നു. ബാക്കിയുള്ളവ എറണാകുളം, കൊല്ലം, തിരുവല്ല റൂട്ടിലേക്കാണ് സർവിസ് നടത്തിയത്. നേരത്തെ ബുക്ക് ചെയ്ത ഹൗസ്‌ബോട്ടുകളും ശിക്കാരവള്ളങ്ങളും സർവിസ് നടത്തി. ജലഗതാഗതവകുപ്പിന്റെ 50 ശതമാനം ബോട്ടുകൾ മാത്രമാണ് സർവിസ് നടത്തിയത്. മുഹമ്മ, കുമരകം, കൃഷ്ണപുരം, കാവാലം, എടത്വ, നെടുമുടി എന്നിവിടങ്ങളിലേക്കാണ് ബോട്ടുകൾ ഓടിയത്.