ചേർത്തല: പൊതു മേഖലാ സ്ഥാപനങ്ങളിലും മാനേജ്‌മെന്റ് സ്‌കൂളുകളിലും നിയമനം വാഗ്ദാനം ചെയ്തും വ്യാജ പ്രവേശനകത്തുകൾ നൽകിയും ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി തിരുവനന്തപുരം ജെ.എം അപ്പാർട്ട്മെന്റിൽ രണ്ട് ഡി ഫ്ളാറ്റിൽ ഇന്ദു(സാറ-35) വിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നൽകിയ അപേക്ഷ ചേർത്തല ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. എഴ് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യം. ഇവർ തിരുവനന്തപുരം വനിതാജയിലിലാണ്. പണം നൽകിയവരെ വിശ്വസിപ്പിക്കാനായി വ്യാജരേഖകളുണ്ടാക്കിയ കമ്പ്യൂട്ടറും ഫോണും പൊലീസിന് കണ്ടെത്തായിട്ടില്ല. യുവതിക്കെതിരെ വിവിധ ജില്ലകളിൽ നിന്ന് കൂടുതൽ പരാതികളുയരുന്നുണ്ട്. ഇന്ദുവിന്റെ ഇടനിലക്കാരനും കേസിലെ പരാതിക്കാരനുമായ ചേർത്തല നഗരസഭ 34-ാം വാർഡ് മന്നനാട്ട് വീട്ടിൽ ശ്രീകുമാർ(53) നേരത്തെ അറസ്റ്റിലായെങ്കിലും ജാമ്യം നേടി. സർക്കാർ മുദ്രകൾ പതിച്ച വ്യാജ പ്രവേശന ലെറ്ററുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ വ്യാജ ലെറ്റർ പാഡുകളും ഒരുക്കിയായിരുന്നു ഇവർ ഇരകളെ വീഴ്ത്തിയിരുന്നത്.
38 ഓളം പേരിൽ നിന്നും മൂന്നു മുതൽ എട്ടരലക്ഷംവരെ വാങ്ങിയായിരുന്നു തട്ടിപ്പ്. ചേർത്തല എസ്.ഐ എം.എം.വിൻസെന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്ദുവിനെതിരെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ രണ്ടു സാമ്പത്തിക വഞ്ചനാകേസുകൾ നിലവിലുണ്ട്. വയനാട് അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ ഒമ്പതു പേരിൽ നിന്നായി 18 ലക്ഷം തട്ടിയെന്ന പരാതിയുമുണ്ട്. ഇതിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചു. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയുടെ മകളാണ് ഇന്ദു. ഇത്തരം ബന്ധങ്ങളും തട്ടിപ്പിന് ഉപയോഗിച്ചെന്നാണ് പൊലീസ് നിഗമനം.
ചേർത്തല താലൂക്കിലെ മുൻകാല ആർ.എസ്.എസ് പ്രവർത്തകനായ രണ്ടാംപ്രതി ശ്രീകുമാർ രാഷ്ട്രീയ ബന്ധം തട്ടിപ്പിന് വിനിയോച്ചതായി പൊലീസ് പറഞ്ഞു.
ഇര ആത്മഹത്യ ചെയ്തതായി സൂചന
ഇന്ദു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ നെയ്യാറ്റിൻകര സ്വദേശി ആത്മഹത്യചെയ്തെന്ന സൂചന പൊലീസിന് ലഭിച്ചു. നെയ്യാറ്റിൻകര പൊലീസാണ് കേസന്വേഷിക്കുന്നത്.