കറ്റാനം: കട്ടച്ചിറയി​ലെ വിവിധ ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രം, കൊച്ചു കളിക്കൽ തറയിൽ മണ്ഡപം, പണിക്കശ്ശേരിൽ ക്ഷേത്രം, മരിയൻ തീർത്ഥാടന കേന്ദ്രം വക കളത്തട്ട് കുരിശടി എന്നിവിടങ്ങളിലെ വഞ്ചികളാണ് തകർത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരമണിയോടെ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെത്തിയ മോഷ്ടാവ് പള്ളിക്കു മുൻപിലുണ്ടായിരുന്ന രണ്ടു വഞ്ചികൾ തകർത്തു പണം അപഹരിച്ചു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് സമീപത്തെ പുരയിടത്തിൽ നിന്നും തകർത്ത വഞ്ചികളും തകർക്കാനുപയോഗിച്ച വെട്ടുകത്തി, കമ്പി എന്നിവ കണ്ടെടുത്തു. വള്ളികുന്നം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ചാങ്ങയിൽ കുടുംബക്ഷേത്രത്തിലും വഞ്ചി തകർത്ത് മോഷണം നടത്തിയിരുന്നു.