
ആലപ്പുഴ: വിശക്കുന്നവന് അന്നമൂട്ടുന്ന പാതിരാപ്പള്ളിയിലെ സ്നേഹജാലകത്തിന് ഇനി കാൽകോടിയിലധികം വിലവരുന്ന ഭൂമി സ്വന്തം. ഹൈവേ വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിച്ചുനീക്കേണ്ടി വരുന്ന സ്നേഹജാലകത്തിന്, ആലപ്പുഴ ചെട്ടികാട് കൊച്ചീക്കാരൻ വീട്ടിൽ കെ.ടി. ഗ്രിഗരി (78) യാണ് 10 സെന്റ് ഭൂമി സൗജന്യമായി കൈമാറിയത്. വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നതിനേക്കാൾ വലിയ പുണ്യകർമ്മമില്ല. അതിനാലാണ് വിശപ്പുരഹിത കേരളം പദ്ധതിയുടെ തുടക്കക്കാരായ സ്‌നേഹജാലകം പ്രവർത്തകർക്ക് തന്റെ അമ്മ ഊർസയുടെ ഓർമ്മയ്ക്കായി പത്ത് സെന്റ് ഭൂമി നിറഞ്ഞ മനസോടെ ദാനം നൽകിയതെന്ന് ഗ്രിഗറി പറഞ്ഞു. 2017 ജനുവരി 29ന് നടന്ന സ്‌നേഹജാലകം പ്രതിനിധി സമ്മേളനത്തിൽ ഉദ്ഘാടകനായെത്തിയ ഡോ.ടി.എം. തോമസ് ഐസക്കാണ് വിശപ്പില്ലാത്ത നാട് സൃഷ്ടിക്കാൻ കഴിയുമോയെന്ന ചോദ്യം ഉന്നയിച്ചത്. തുടർന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം മുതൽ സി.ജി.ഫ്രാൻസീസ് സ്മാരക ട്രസ്റ്റ് സ്‌നേഹജാലകത്തിന്റെ നേതൃത്വത്തിലാണ് വിശപ്പുരഹിത സ്‌നേഹഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചത്. ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചപ്പോൾ പാതിരപ്പള്ളി ദേശീയപാതയോരത്ത് ആദ്യ സംരംഭമായ ജനകീയ ഭക്ഷണശാല ആരംഭിച്ചു. ഈ സംരംഭത്തിന്റെ വിജയമാണ് 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന 'ജനകീയ ഹോട്ടൽ ' എന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിന് ഡോ.ടി.എം.തോമസ് ഐസക്കിന് പ്രചോദനമായത്. ജനകീയ ഭക്ഷണശാല പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചു നീക്കപ്പെടുന്ന സാഹചര്യം തിരിച്ചറിഞ്ഞാണ് 2013ൽ സ്‌നേഹജാലകം ആരംഭിക്കുന്ന ഘട്ടം മുതൽ പ്രവർത്തകനായ കെ.ടി.ഗ്രിഗറി ഭൂമി നൽകാൻ തീരുമാനിച്ചത്. വിശപ്പു രഹിതഗ്രാമം പദ്ധതിയുടെ അഞ്ചാം വാർഷികമായ ഇന്നലെ മുൻമന്ത്രി ജി.സുധാകരൻ ഭൂവുടമ കെ.ടി.ഗ്രിഗറിയിൽ നിന്നും സ്‌നേഹജാലകത്തിന്റെ പേരിൽ രജിസ്ട്രർ ചെയ്ത രേഖകൾ ഏറ്റുവാങ്ങി സ്‌നേഹജാലകം രക്ഷാധികാരി പി.പി.ചിത്തരഞ്ജൻ എം.എൽ.എയ്ക്ക് കൈമാറി. സ്‌നേഹജാലകം പ്രസിഡന്റ് എൻ.പി.സ്‌നേഹജൻ അദ്ധ്യക്ഷത വഹിച്ചു. ജയൻ തോമസ്, ആർ.പ്രവീൺ, സജിത്ത് രാജ്, പി.എം.ഷാജി, കുഞ്ഞുമോൾ ഷാജി, പ്രകാശ് ബാബു, ജോൺ പോൾ, സി.പി.സീസർ തുടങ്ങിയവർ സംസാരിച്ചു.