ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും വിവാഹം തുടങ്ങിയ ചടങ്ങുകളിൽ നിരീക്ഷണം ശക്തമാക്കാനും നഗരത്തിലെ 52 വാർഡുകളിലും നടന്ന കൊവിഡ് ജാഗ്രതാ സമിതികളുടെ യോഗം തീരുമാനിച്ചു. ഭക്ഷണം ആവശ്യമുള്ളവർക്ക് നഗരസഭയുടെ അഞ്ചുജനകീയ ഭക്ഷണശാലകൾ വഴി ഭക്ഷണവും എത്തിച്ചു നൽകുന്നുണ്ട്.

രോഗ വിവരങ്ങളും ചടങ്ങുകളും കൊവിഡ് ജാഗ്രതാ പോർട്ടൽ വഴിയും സമിതിയുടെ വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയും നിരന്തര വിശകലനത്തിന് വിധേയമാക്കും. രോഗികളുമായി എല്ലാ ദിവസവും ഫോൺ വഴിയും സമൂഹ മാദ്ധ്യമങ്ങൾ വഴിയും ബന്ധപ്പെട്ട് രോഗ നില വിലയിരുത്തുന്നുണ്ട്.

ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെ ആശുപത്രികളിലേക്ക് മാറ്റാനുള്ള സംവിധാനമൊരുക്കും.

കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതികളിൽ ആശാ, അങ്കണവാടി പ്രവർത്തകരും ആരോഗ്യ വോളണ്ടിയർമാരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും യുവജന സാംസ്‌കാരിക സംഘടനാ പ്രതിനിധികളും അംഗമാണ്. വാർഡ് തല ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ നഗരസഭ ആരോഗ്യ സ്ഥിരം സമിതി നിരന്തരമായി വിലയിരുത്തി വരുന്നതായി നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.