s

ചേർത്തല: തണ്ണീർമുക്കം ബണ്ടിൽ നിന്നും കായലിൽ വീണ ടോറസ് ലോറി 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കരയ്ക്ക് കയറ്റി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ടോറസ് ഒന്നാം ബണ്ടിനോട് ചേർന്ന തുരുത്തിൽ കയ​റ്റിയത്.
ഞായറാഴ്ച രാവിലെ വലിയ ബാർജ് കായലിലിറക്കി അതുവഴി ക്രെയിൻ നടുക്കെത്തിച്ച് ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ആലപ്പുഴയിൽ പടക്കപ്പൽ ഉയർത്താൻ കൊണ്ടുവന്ന ക്രെയിൻ ഉച്ചയോടെ എറണാകുളത്തുനിന്നെത്തിച്ചു. ബണ്ട് പാലത്തിൽ നിന്നു തന്നെ ലോറി ഉയർത്തി രണ്ടാം ക്രെയിനിന്റെ സഹായത്തിൽ ബാർജിൽ കയ​റ്റി കരയ്ക്കടുപ്പിക്കുകയായിരുന്നു.
വലിയ ക്രെയിൻ ഉപയോഗിച്ച് തന്നെ ലോറികരയ്ക്ക് കയറ്റാമായിരുന്നെങ്കിലും, ഇതു പാലത്തിനു കേടുപാടുണ്ടാക്കുമെന്നതിനാൽ ജലസേചനവകുപ്പ് അനുമതി നൽകിയില്ല. ഇതേ തുടർന്ന് ബാർജിൽ കയ​റ്റിയ ടോറസ് ബണ്ട് തുരുത്തിന്റെ കിഴക്കുഭാഗത്തെത്തിച്ചാണ് ക്രെയിൻ ഉപയോഗിച്ചുതന്നെ കരകയറ്റിയത്. ജലസേചനവകുപ്പിന്റെയും പൊലീസിന്റെയും ഇറിഗേഷൻ വകുപ്പധികൃതരുടെയും സാന്നിദ്ധ്യത്തിലായിരുന്നു പ്രവർത്തനങ്ങൾ.
ബണ്ട് പാലത്തിൽ പൂർണമായും ഗതാഗതം നിരോധിച്ചായിരുന്നു പ്രവർത്തനങ്ങൾ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും വണ്ടി ഉയർത്തുന്നത് കാണാൻ നിരവധിപേരെത്തി. വെള്ളിയാഴ്ച രാത്രി 8.45 ഓടെ ഒന്നാം ബണ്ടിൽ ടോറസ് ലോറികൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ടോറസ് കായലിൽ വീഴുന്നതിന് മുമ്പ് ഡ്രൈവർ ചാടി രക്ഷപ്പെട്ടു. രാത്രി തന്നെ ലോറി കരക്കെത്തിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. പാലത്തിന്റെ 10 മീ​റ്ററോളം കൈവരി പൂർണമായി തകർന്നിരുന്നു. കൈവരി തകർന്ന ഭാഗത്ത് താത്ക്കാലികമായി സുരക്ഷാവേലി കെട്ടിയാണ് സംരക്ഷണമൊരുക്കിയിരിക്കുന്നത്.