ചേർത്തല: കൊവിഡ് വ്യാപനം ശക്തമായതോടെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ ഭക്ഷണം പാചകം ചെയ്യുവാൻ ബുദ്ധിമുട്ടുന്ന രോഗബാധിതരുടെ കുടുംബങ്ങളിൽ കഞ്ഞി പോലുള്ള അവശ്യ ആഹാരം നൽകുന്ന അയൽപക്കം പദ്ധതി ആരംഭിക്കും. പഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതിൽ രോഗബാധിതരായ കുടുംബാംഗങ്ങൾക്ക് അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ചൂടോടെ ഭക്ഷണങ്ങൾ നൽകും. ഇതിനായി പഞ്ചായത്തിലെ പതിനെട്ട് വാർഡിലേയും എ.ഡി.എസ് ഭാരവാഹികളുടെ യോഗം ചേർന്നാണ് ര പദ്ധതിക്ക് രൂപം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ,സെക്രട്ടറി പി.ഗീതാകുമാരി,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.കമലമ്മ,ബൈരഞ്ജിത്ത്,ജ്യോതി മോൾ എന്നിവർ സംസാരിച്ചു.
അസി.സെക്രട്ടറി കെ.എസ്.ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീകളുടെ ആഴ്ച തോറുമുള്ള യോഗത്തിൽ കൊവിഡ് പ്രതിരോധം പ്രത്യേക അജൻഡ വച്ച് ചർച്ച ചെയ്യുവാനും ആഹാരം ആവശ്യമുള്ളവർക്ക് തയ്യാറാക്കി നൽകുവാൻ ഇടപെടൽ നടത്തുവാനും തീരുമാനിച്ചു.