പൂച്ചാക്കൽ : അമിത വേഗതയിൽ പാഞ്ഞു വന്ന ഓട്ടോ ഇടിച്ച് പത്ര വിതരണക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. കേരളകൗമുദി അരൂക്കുറ്റി ഏജന്റ് സജീഷ് ഭവനിൽ സതീശന്റെ ഭാര്യ രാധാമണിക്കാണ് പരിക്കേറ്റത്. എറണാകുളത്തെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വെളുപ്പിന് 4.30 ന് മാത്താനം കവലക്ക് സമീപം പത്രം അടുക്കി വയ്ക്കുമ്പോൾ ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന സതീശനും മകൻ സജീഷും ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. നാളെ കാലിന് ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്ന് ഡോക്ടർ നിർേദ്ദേശിച്ചതായി സജീഷ് പറഞ്ഞു.