
ചാരുംമൂട്: പണി സ്ഥലത്ത് വീണ് നട്ടെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റ മാനസിക അസ്വാസ്ഥ്യമുള്ള
വെസ്റ്റ് ബംഗാൾ സ്വദേശിയെ സ്വന്തം നാട്ടിൽ സുരക്ഷിതമായി എത്തിച്ച വെട്ടിക്കോട് സാന്ത്വനം ആംബുലൻസ് ഡ്രൈവർമാർ നാടിന് അഭിമാനമാകുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പശ്ചിമബംഗാളിലെ മിത്രാപൂർ സ്വദേശിയായ ബിൻ മുഹമ്മദിന് (49) ആനയടി, തെങ്ങമത്ത് വെച്ച് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും, മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ നാട്ടുകാരും കോൺട്രാക്ടർ തെങ്ങമം സ്വദേശി ശ്രീകുമാറും ചേർന്ന് നാട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് സഹ തൊഴിലാളികളോടൊപ്പം ആംബുലൻസ് ഡ്രൈവർമാരായ അഭിലാഷും, രാകേഷും ചേർന്നാണ് യാത്ര തിരിച്ചത്. ബുധനാഴ്ച രാത്രി 11 മണിക്ക് രോഗിയുമായി പുറപ്പെട്ട ആംബുലൻസ് വെള്ളിയാഴ്ച പകൽ 12 മണിയോടെ വെസ്റ്റ് ബംഗാളിലെ നാദിയയിൽ എത്തി. തുടർച്ചയായ 36 മണിക്കൂറായിരുന്നു യാത്ര. ഒന്നര ദിവസം കൊണ്ട് 2850 കിലോമീറ്ററാണ് സംഘം താണ്ടിയത്. ആഹാരം കഴിക്കാനും ഡീസൽ അടിക്കാനും മാത്രമാണ് ആംബുലൻസ് നിർത്തിയത്. ബന്ധുക്കൾ ബിൻ മുഹമ്മദിനെ നാദിയയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് അന്ന് വൈകിട്ട് 4 മണിയോടെ അവിടുന്ന് തിരിച്ച് ഞായറാഴ്ച രാവിലെ 11 മണിയോടെ ആംബുലൻസ് സംഘം ചാരുംമൂട്ടിൽ തിരിച്ചെത്തി. താമരക്കുളം ഉണ്ണിച്ചിവിളയിൽ ജയപ്രസാദിന്റെ മകനായ അഭിലാഷ് യുവമോർച്ച താമരക്കുളം പടിഞ്ഞാറ് ഏരിയ കമ്മിറ്റി പ്രസിഡന്റാണ്. കട്ടച്ചിറ രതീഷ് ഭവനത്തിൽ രവീന്ദ്രന്റെ മകനാണ് രാകേഷ്.