 
ചേർത്തല: സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വിശപ്പുരഹിത ചേർത്തല പദ്ധതിയിൽ ജാപ്പനീസ് വനിതയും പങ്കാളിയായി. സ്യുനഗ ജങ്കോയാണ് ഞായറാഴ്ചത്തെ ഭക്ഷണം സ്‌പോൺസർ ചെയ്‌തത്. അച്ഛൻ ടകുറോ സ്യുനേഗയുടെ 49–-ാം ചരമദിനത്തിലായിരുന്നു ഇവരുടെ അന്നദാനം. നിരാലംബർക്കും അവശർക്കും ഭക്ഷണം നൽകണമെന്ന താത്പര്യത്തോടെയാണ് ചേർത്തല സ്വദേശിയായ സുഹൃത്ത് മുഖേന സാന്ത്വനത്തെ സമീപിച്ചത്. സാധാരണ ഊണിന് പുറമെ മീൻകറിയും പായസവും നൽകണമെന്ന ഇവരുടെ ആഗ്രഹപ്രകാരം ഞായറാഴ്‌ചത്തെ ഭക്ഷണം വിഭവസമൃദ്ധമായി. ഇതാദ്യമായാണ് വിദേശി പദ്ധതിയിൽ സ്‌പോൺസറായത്. ചേർത്തല നഗരസഭയിലെയും തൈക്കാട്ടുശേരി ബ്ലോക്കിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും 350 പേരാണ് വിശപ്പുരഹിത ചേർത്തലയുടെ ഗുണഭോക്താക്കൾ.