s

അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലിന് പണം കിട്ടുമോ ?

ആലപ്പുഴ : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജില്ല. തീരദേശ പാത, ടൂറിസം ,എൻ.ടി.പി.സിയിലെ കേന്ദ്രീയ വിദ്യാലയം,ഓട്ടോകാസ്റ്റ്, കാർഷിക-മത്സ്യ-പരമ്പരാഗത മേഖലയിലെ പദ്ധതികൾ എന്നിങ്ങനെ വികസനം കാക്കുന്ന മേഖലകൾ ഏറെയാണ്.

കായംകുളം-എറണാകുളം തീരദേശ പാതയിലെ യാത്രാ ദുരിതത്തിന് പരിഹാരമായി പാത ഇരട്ടിപ്പിക്കലിനുള്ള പണം ബഡ്ജറ്റിൽ ഉൾപ്പെടുത്തി കിട്ടുമെന്നാണ് പ്രതീക്ഷ. അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലിന് കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച പണം റെയിൽവേ ബോർഡിന് ലഭിക്കാത്തതിനാൽ ഇരട്ടപ്പാതയെന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. കായംകുളം മുതൽ അമ്പലപ്പുഴ വരെ ഇരട്ടപ്പാതയാണെങ്കിലും ഫണ്ടില്ലാത്തതിനാൽ അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലിനുള്ള സ്ഥലം ഏറ്റെടുക്കുന്ന പ്രാഥമിക പ്രവർത്തനം മാത്രമേ ഇതുവരെ നടത്താനായിട്ടുള്ളൂ.

എറണാകുളം മുതൽ കുമ്പളങ്ങി വരെയുള്ള എട്ട് കിലോമീറ്റർ ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടികൾ ആരംഭിച്ചു. കുമ്പളങ്ങി-ആലപ്പുഴ വരെ നോട്ടിഫിക്കേഷൻ നടപടി സ്വീകരിച്ചു. ആലപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് അതും നടന്നിട്ടില്ല. നിലവിൽ തീരപാതയിലൂടെ സർവീസ് നടത്തുന്ന മുഴുവൻ ട്രെയിനുകളും വൈകിയോടുന്നത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നു. പാത ഇരട്ടിപ്പിക്കുന്നതിലൂടെയേ യാത്രാദുരിതത്തിന് പരിഹാരം കാണാൻ കഴിയൂ.

നിലനിൽക്കുമോ കേന്ദ്രീയ വിദ്യാലയം

ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന എൻ.ടി.പി.സിയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് ബഡ്ജറ്റിൽ തുക ഉൾപ്പെടുത്തി സംരക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എൻ.ടി.പി.സി നൽകിയിരുന്ന സാമ്പത്തിക സഹായം കൊണ്ടാണ് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി മൂലം എൻ.ടി.പി.സിക്ക് സഹായിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. കേന്ദ്ര സർക്കാർ നേരിട്ട് ഫണ്ട് നൽകിയോ മറ്റ് മാർഗങ്ങളിൽ കൂടിയോ വിദ്യാലയം ഇവിടെ നില നിർത്തണമെന്ന് എ.എം. ആരിഫ് എം.പി.യും രമേശ് ചെന്നിത്തല എം.എൽ.എയും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതീക്ഷകൾ ഒത്തിരി

1.കായൽ-കടലോര ടൂറിസം മേഖലകളുടെ വികസനത്തിന് സഹായം

2.പാതിരാമണൽ, അർത്തുങ്കൽ ഉൾപ്പെടെ 4 പദ്ധതികൾ പരിഗണനയിൽ

3.കയർ ഉൾപ്പെടെയുള്ള പരമ്പരാഗത മേഖലയുടെ വികസനത്തിന് ഫണ്ട്

4.മുൻവർഷങ്ങളിലുണ്ടായ അവഗണനയ്ക്ക് ഇത്തവണ പരിഹാരമാകുമെന്ന് പ്രതീക്ഷ

"കേന്ദ്രീയ വിദ്യാലയം, ടൂറിസം, തീരപാത ഇരട്ടിപ്പിക്കൽ എന്നിവയുടെ വികസനത്തിന് ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

- എ.എം. ആരിഫ് എം.പി