അമ്പലപ്പുഴ: തിരഞ്ഞെടുക്കപ്പെട്ട എ.ഡി.എസ് അംഗങ്ങളോട് സി.ഡി.എസ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ സി.പി.എം നിർദേശം നൽകിയത് വിവാദമാകുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതിയിൽപ്പെട്ട രണ്ട് വനിതാ അംഗങ്ങൾക്കാണ് സി പി എം ലോക്കൽ കമ്മിറ്റി ഈ ആവശ്യമുന്നയിച്ച് കത്ത് നൽകിയത്.

ഈ വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് എ.ഡി.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പിഎം നേതൃത്വവുമായി തർക്കത്തിലാണ്‌.തന്നെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമിച്ച നിലവിലെ സി.ഡി.എസ് ചെയർപേഴ്സനെ വീണ്ടും ചെയർപേഴ്സണാക്കാൻ പാർട്ടി തീരുമാനമെടുത്തിരുന്നു.എന്നാൽ ഈ തീരുമാനത്തിന് എതിരു നിന്ന ഹാരിസ് തന്റെ വാർഡിൽ നടന്ന എ.ഡി.എസ് തെരഞ്ഞെടുപ്പിൽ പാർട്ടി പാനലിന് സമാന്തരമായി പാനൽ അവതരിപ്പിച്ച് പാർട്ടി സി.ഡി.എസ് ചെയർപേഴ്സണാക്കാൻ തീരുമാനിച്ചിരുന്ന വനിതാ നേതാവിനെ പരാജയപ്പെടുത്തിയിരുന്നു.പാർട്ടി അവതരിപ്പിച്ച 11 അംഗ പാനലിൽ 3 പേർ മാത്രമാണ് വിജയിച്ചത്.ഈ മൂന്നംഗങ്ങളും ഹാരിസിന്റെ അനുഭാവികളാണ്. ഇതിലെ 2 പട്ടികജാതി അംഗങ്ങൾ സി.ഡി.എസ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് പാർട്ടി നിർദേശം നൽകിയിരിക്കുന്നത്.