photo

ചേർത്തല :ജോലി വാഗ്ദാനംചെയ്ത് ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി ഇന്ദു(സാറ)വിനെ കോടതി നാലുദിവസം പൊലീസ് കസ്​റ്റഡിയിൽ വിട്ടു. സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളിലും മാനേജ്‌മെന്റ് സ്‌കൂളുകളിലും നിയമനം വാഗ്ദാനം ചെയ്തും വ്യാജ പ്രവേശനകത്തുകൾ നൽകിയും ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ തിരുവനന്തപുരം ജെ.എം.അപ്പാർട്ട്‌മെന്റിൽ രണ്ട് ഡി ഫ്ളാ​റ്റിൽ ഇന്ദു(സാറ-35),ചേർത്തല സ്വദേശി ശ്രീകുമാർ എന്നിവരെ കഴിഞ്ഞദിവസമാണ് ചേർത്തല പൊലീസ് അറസ്​റ്റുചെയ്തത്.38 ഓളം പേരിൽ നിന്നും മൂന്നു മുതൽ എട്ടരലക്ഷം രൂപ വരെ വാങ്ങിയായിരുന്നു തട്ടിപ്പ്.

ഇന്ദവുമായുള്ള തെളിവെടുപ്പ് ഇന്ന് തുടങ്ങും. ശ്രീകുമാറിനു പുറമെ തട്ടിപ്പിൽ ഇന്ദുവിനു സാഹായികളായിരുന്നവരെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. വെള്ളിയാഴ്ച കസ്​റ്റഡി കാലാവധി തീരുംമുമ്പ് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കാനുള്ള ശ്രമമമാണ് പൊലീസ് നടത്തുന്നത്.

ഇതിനിടെ ആലപ്പുഴയിലെ വീടിന് സമീപത്ത് നിന്ന് ഇന്ദുവിന്റെ കാർ പൊലീസ് പിടിച്ചെടുത്തതായി സൂചനയുണ്ട്. പണം വാങ്ങിയവരെ വിശ്വസിപ്പിക്കാനായി ഇവർ വ്യാജരേഖകളുണ്ടാക്കിയ കമ്പ്യൂട്ടറും ഫോണും കണ്ടെത്താൻ പൊലീസിനായിരുന്നില്ല.കേസിലെ പ്രധാന തെളിവുകളായ കമ്പ്യൂട്ടറും ഫോണും കണ്ടെടുക്കാനാണ് പൊലീസ് ശ്രമം.ഇതിനായി ആലപ്പുഴയിലും തിരുവനന്തപുരത്തും യുവതിയെ എത്തിച്ചു തെളിവെടുക്കും. നെയ്യാ​റ്റിൻകരയിലും മ്യൂസിയം പൊലീസ് പരിധിയിലും,ചേർത്തല ആലപ്പുഴ പരിധിയിലെ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും തെളിവെടുപ്പിനു കൊണ്ടു പോകും.
തട്ടിച്ചപണം കാറടക്കമുള്ള ആഡംബരസാമഗ്രികൾ വാങ്ങുന്നതിനും മുൻപരാതികൾ പരിഹരിക്കുന്നതിനുമായി വിനിയോഗിച്ചതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.

ഇന്ദുവിന്റെ ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും ബന്ധങ്ങൾ തേടിയാണ് പൊലീസ് അന്വേഷണം.ഇന്ദുവിന്റെ ഭർത്താവ് കലവൂർ സ്വദേശി ഷാരോണിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.ഇയാളുടെ പണമിടപാടുകളും പരിശോധിക്കുന്നുണ്ട്.ഇരുവരുടെയും പേരുകളിലുള്ള അക്കൗണ്ടിലേക്കും പണം എത്തിയതായി പൊലീസിനു വിവരം ലഭിച്ചിണ്ടുണ്ട്.കൊലക്കേസ് പ്രതിയായ ഇയാൾക്ക് തട്ടിപ്പുമായി ബന്ധമുണ്ടോയെന്ന പരിശോധനയും പൊലീസ് നടത്തുന്നുണ്ട്.

തട്ടിപ്പിൽ ഇടനിലക്കാരനായിരുന്ന ചേർത്തല സ്വദേശി ശ്രീകുമാറിനെതിരെയും കൂടുതൽ പരാതികൾ ഉയരുന്നുണ്ട്.ഇയാൾ ജോലിചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തിലെ സഹജീവനക്കാരിൽ നിന്നടക്കം പണം തട്ടിയതായ പരാതികളും പൊലീസ് പരിശോധിക്കും.കേസിൽ അറസ്​റ്റിലായതോടെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.