ഹരിപ്പാട്: ഹരിപ്പാട് അനുവദിച്ച ഫയർ സ്റ്റേഷൻ വാടക കെട്ടിടത്തിൽ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറുവാനുളള തടസങ്ങൾ നീങ്ങിയതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു.
ഹരിപ്പാട് നഗരസഭയിലെ നങ്ങ്യാർകുളങ്ങര ജംഗ്ഷന് പടിഞ്ഞാറ് 30 സെന്റ് സ്ഥലം സംസ്ഥാന ഫയർ ആൻഡ് റെസ്ക്യുവിന് നേരത്തെ കൈമാറിയിരുന്നു. കെട്ടിട നിർമ്മാണത്തിനായി സർക്കാരിൽ നിന്ന് 3 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫയർ ആൻഡ് റ്സ്ക്യുവിന്റെ വലിയ വാഹനങ്ങൾക്ക് കയറുവാനുളള വഴി സൗകര്യം ഇല്ലാതിരുന്നതിനാൽ കെട്ടിട നിർമ്മാണം തടസപ്പെട്ടിരുന്നു. . ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാരിലേക്ക് സ്ഥലം അക്വയർ ചെയ്യുന്നതിന് ഉത്തരവാകുകയും സ്ഥലം അക്വയർ ചെയ്യേണ്ടിവരുന്ന സ്വകാര്യ വ്യക്തികൾക്കുളള നഷ്ടപരിഹാര തുകയും സർക്കാർ അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്ന് ചെന്നിത്തല അറിയിച്ചു. 3 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണത്തിനാവശ്യമായ വിശദമായ പ്ലാനും എസ്റ്റിമേറ്റും സർക്കാരിനു സമർപ്പിച്ചതായും നിർമ്മാണം വേഗത്തിലാക്കുവാനുളള നടപടികൾ സ്വീകരിച്ചു വരികയാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു.രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കെയാണ് ഹരിപ്പാട് ഫയർ സ്റ്റേഷൻ അനുവദിച്ചത്.