
ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിൽ രണ്ട് കോടി രൂപ ചെലവഴിച്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിക്ക് രൂപം നൽകുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു. ബൈപ്പാസ് തുറന്നതിന് ശേഷം 13 ജീവനുകളാണ് അപകടത്തിൽ പൊലിഞ്ഞത്.
കൊമ്മാടി, കളർകോട്, വനിതാ- ശിശു ആശുപത്രി എന്നിങ്ങനെ ബൈപ്പാസിലെ മൂന്ന് കേന്ദ്രങ്ങളിലായി 6 ക്യാമറകളടങ്ങുന്ന മൂന്ന് യൂണിറ്റുകളിലായി ആകെ 18 ക്യാമറകളാണ് സ്ഥാപിക്കുക. ഓരോ യൂണിറ്റിനും ഏകദേശം 60 ലക്ഷം രൂപയിലധികം ചിലവ് വരും. റോഡ് സേഫ്ടി ഫണ്ട് ലഭ്യമാക്കി കെൽട്രോൺ വഴിയാണ് ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം വേഗത നിയന്ത്രിക്കാൻ ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കുമെന്നും എം.എൽ.എ പറഞ്ഞു.