v

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ വിഖ്യാതമായ വൈഷ്ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 12 പേർ മരിച്ചു. 20 ലേറെ പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഇന്നലെ പുലർച്ചെ 2.45 നായിരുന്നു സംഭവം.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും ഗവർണർ 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് പ്രധാനമന്ത്രി 50,000 രൂപയും ഗവർണർ 2 ലക്ഷം രൂപയും പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ ക്ഷേത്രം ബോർഡ് വഹിക്കും. പ്രധാനമന്ത്രി നേരിട്ട് രക്ഷാപ്രവർത്തനം വിലയിരുത്തുകയാണ്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സംഭവ സ്ഥലത്തേക്ക് തിരിച്ചു. അപകടത്തെ കുറിച്ച് ഉന്നത തല സമിതി അന്വേഷിക്കും.

 ഭക്തരുടെ ഒഴുക്ക് അപകടകാരണം

ഭക്തരുടെ അനിയന്ത്രിതമായ ഒഴുക്കും അധികൃതരുടെ വീഴ്ച്ചയുമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. തിരക്ക് നിയന്ത്രിക്കാൻ യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല. ഇ - ടിക്കറ്റില്ലാത്തവരെയും കടത്തിവിട്ടു. ഇ - ടിക്കറ്റ്, കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ പരിശോധിക്കാൻ സംവിധാനമില്ലാത്തതിനാൽ ശ്രീകോവിലിന് സമീപമുള്ള മൂന്നാം നമ്പർ ഗേറ്റിൽ വൻ തിരക്കായിരുന്നു. ഇവിടെ വീണ്ടും ദർശനത്തിന് ശ്രമിച്ചവരും ക്യൂവിലുള്ളവരുമായി വാക്കേറ്റമുണ്ടായി. തുടർന്നുണ്ടായ ഉന്തും തള്ളുമാണ് തിരക്കിൽ കലാശിച്ചത്. തറയിൽ കിടന്നുറങ്ങിയ ചിലർ തിരക്കിൽ ചതഞ്ഞരഞ്ഞു. ആവശ്യത്തിന് ആംബുലൻസുകളോ വീൽ ചെയറുകളോ ഉണ്ടായിരുന്നില്ല. അടിയന്തര സഹായം നൽകാനും പരിക്കേറ്റവരെ അതിവേഗം നീക്കാനും സംവിധാനമുണ്ടായിരുന്നില്ല.

 ക്ഷേത്രം 5,200 അടി ഉയരത്തിൽ

ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ 5,200 അടി ഉയരത്തിൽ കത്രയിലെ ത്രികുട മലനിരകളിലുള്ള ഗുഹാക്ഷേത്രമാണ് മാതാ വൈഷ്ണോദേവി ക്ഷേത്രം. ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ ബാറ്ററി കാറുകളും റോപ് വേയുമുണ്ട്. ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാൽ അപകടസാദ്ധ്യതയും ഏറെയുണ്ട്. അപകടാവസ്ഥ സംജാതമായാൽ ക്ഷേത്രത്തിൽ നിന്ന് പെട്ടെന്ന് പുറത്തുകടക്കാൻ സാധിക്കില്ല എന്നത് അപകടത്തിന്റെ ആക്കം കൂട്ടി. അപകടത്തെ തുടർന്ന് നിറുത്തിവച്ച ക്ഷേത്ര ദർശനം ഇന്നലെ രാവിലെ പുനരാരംഭിച്ചു. ഉത്സവ സീസണായതിനാൽ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.