
ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 14 പേർ മരിച്ച കൂനൂരിലെ ഹെലികോപ്റ്റർ അപകടം മോശം കാലാവസ്ഥ മൂലമുള്ള പിഴവ് കാരണമാകാമെന്ന് അന്വേഷണ റിപ്പോർട്ട്. അട്ടിമറി സാദ്ധ്യത തള്ളിക്കളഞ്ഞ റിപ്പോർട്ട് സേനകളുടെ അവലോകനത്തിന് ശേഷം കേന്ദ്രസർക്കാരിന് സമർപ്പിക്കും.
എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ നടന്ന സേനകളുടെ ത്രിതല അന്വേഷണ റിപ്പോർട്ടിലാണ് അപകട കാരണങ്ങൾ വ്യക്തമാക്കുന്നത്.
കൺട്രോൾഡ് ഫ്ലൈറ്റ് ഇൻടു ടെറെയ്ൻ (സി.എഫ്.ഐ.ടി) എന്ന അവസ്ഥ അപകടത്തിന് കാരണമാകാമെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. അപകടം പെട്ടെന്ന് ഉണ്ടായതാണ്. കോപ്റ്ററിന്റെ ഫ്ലൈറ്റ് റെക്കാഡർ, കോക്ക്പിറ്റ് വോയ്സ് റെക്കാഡ് എന്നിവ പരിശോധിച്ചിരുന്നു. അപകടത്തിന് മുമ്പുള്ള നിമിഷങ്ങൾ പുനഃസൃഷ്‌ടിച്ചും പരിശോധിച്ചു.
 എന്താണ് സി.എഫ്.ഐ.ടി
പൈലറ്റിന്റെ നിയന്ത്രണത്തിലുള്ള വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് മോശം കാലാവസ്ഥ, ഭൂതലത്തെ കുറിച്ചുള്ള തെറ്റായ ധാരണ മൂലമുള്ള ദിശാബോധം നഷ്ടപ്പെടൽ എന്നീ മനഃപൂർവ്വമല്ലാത്ത കാരണങ്ങളാലുള്ള അപകടമാണിത്. അവസാന നിമിഷം വരെ പൈലറ്റിന് അപകട സാദ്ധ്യത മനസിലാവില്ല. സി.എഫ്.ഐ.ടി അപകടങ്ങളുടെ കാരണങ്ങൾ മോശമായ കാലാവസ്ഥ, പൈലറ്റിന്റെ പിശക്, നാവിഗേഷൻ ഉപകരണങ്ങളിലെ പ്രശ്നങ്ങൾ, ലാൻഡിംഗ് പ്രദേശം വിലയിരുത്തുന്നതിലുള്ള പരാജയം എന്നിവയാണ്. 2008 നും 2017 നും ഇടയിൽ നടന്ന അപകടങ്ങളിൽ 6 ശതമാനം സി.എഫ്.ഐ.ടി ആണെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ പഠനത്തിൽ പറയുന്നു.
ഡിസം. 8 നാണ് ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 14 പേർ സഞ്ചരിച്ച എം. ഐ - 17 - വി - 5 ഹെലികോപ്റ്റർ തകർന്നത്.